case-america

ടെക്സാസ്: പെൺവേഷം ധരിച്ച് സ്ത്രീകളുടെ ടോയ്‌ലറ്റിനുള്ളിൽ കയറി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയ മദ്ധ്യവയസ്കൻ പിടിയിൽ. അമേരിക്കയിലെ ടെക്സാസ് ഫോർട്ട്‌വർത്തിലെ മാളിൽ ക്രിസ്മസ് തലേന്ന് നടന്ന സംഭവത്തിൽ ഡഗ്ളസ് ഈഗനാണ് (45) പിടിയിലായത്.

ഇയാൾ സ്ത്രീകൾക്ക് മാത്രമായുള്ല ടോയ്‌ലറ്റിനുള്ളിൽ വേഷപ്രച്ഛന്നനായി പ്രവേശിച്ച ശേഷം മറഞ്ഞിരുന്ന് വീഡിയോ പകർത്തുകയായിരുന്നു. ഒരു സ്ത്രീ വീഡിയോ പകർത്തുന്നത് കണ്ട് ബഹളം വെച്ചതിന് പിന്നാലെയാണ് പ്രതി പിടിയിലായത്.ക്രിസ്മസ് തലേന്ന് മാളിൽ അനുഭവപ്പെട്ട തിരക്കിനിടയിലാണ് ഇയാൾ മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് സ്ത്രീകളുടെ ടോയ്‌ലറ്റിനുള്ളിൽ പ്രവേശിച്ചത്. ആളൊഴിഞ്ഞ മൂലയിൽ നിന്ന് പ്രതി ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ ഒരു സ്ത്രീ മൊബൈൽ ഫോൺ കണ്ട് ബഹളം വെയ്ക്കുകയായിരുന്നു.

മറ്റ് സ്ത്രീകൾ ബഹളം കേട്ട് എത്തിയതോടെ ഇയാൾ കൈവശമുണ്ടായിരുന്ന തോക്ക് ചൂണ്ടി പരിഭ്രാന്തി സൃഷ്ടിച്ച് ടോയ്‌ലറ്റിന് പുറത്തേയ്ക്ക് രക്ഷപ്പെടുകയായിരുന്നു. സംഭവസമയത്ത് സ്ത്രീവേഷധാരിയായിരുന്ന പ്രതി ഉടനെ തന്നെ പുരുഷന്മാരുടെ ടോയ്‌ലറ്റിലെത്തിയ ശേഷം വേഷം മാറി രക്ഷപ്പെടാനുള്ള ഒരുക്കത്തിനിടയിലാണ് പൊലീസിന്റെ പിടിയിലായത്.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമങ്ങളടക്കം നിരവധി കേസുകളിൽ ഇയാൾ നേരത്തെ തന്നെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇത്തരത്തിലെ ഒരു കേസിൽ ഏഴ് വർഷം ജയിൽവാസം അനുഭവിച്ച ശേഷം മാസങ്ങൾക്ക് മുമ്പാണ് ഇയാൾ മോചിതനായത്. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തതായി പൊലീസ് വൃത്തം അറിയിച്ചു.