
മുംബയ്: നടൻ സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും വെളിപ്പെടുത്തലുകളുമായി മോർച്ചറി ജീവനക്കാരൻ രൂപ്‌കുമാർ ഷാ. സുശാന്തിന്റെ ദുരൂഹമരണം കൊലപാതകമാണെന്ന് ഷാ വ്യക്തമാക്കിയത് കഴിഞ്ഞ ദിവസമാണ്.
'സുശാന്തിന്റെ മുഖത്ത് ആരോ ശക്തമായി ഇടിച്ചതുപോലെയായിരുന്നു. ശരീരത്തിൽ പരിക്കുകളുണ്ടായിരുന്നു. എല്ലുകൾ ഒടിഞ്ഞിരുന്നു. ഇക്കാര്യം സീനിയേഴ്‌സിനെ അറിയിക്കാൻ ശ്രമിച്ചു. എന്നാൽ അവർ അത് കേട്ടില്ല. സ്വന്തം കാര്യം നോക്കാനാണ് അവർ പറഞ്ഞത്.' ഒരു ദേശീയ മാദ്ധ്യമത്തോട് ഷാ പ്രതികരിച്ചു. എന്നാൽ ആരാണ് മൃതദേഹം പോസ്‌റ്റ്‌മോർട്ടം ചെയ്യുന്നതിന് നേതൃത്വം നൽകിയതെന്ന് ഓർക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
നടന്റെ കഴുത്തിലെ പാടുകൾ തൂങ്ങിമരണത്തിന്റേതല്ലെന്നും ആരോ ശ്വാസം മുട്ടിച്ചതുപോലെ തോന്നിക്കുന്നതായിരുന്നുവെന്നും ഷാ പറഞ്ഞു. 2020ൽ ഇക്കാര്യം പറയാത്തതെന്ത് എന്ന ചോദ്യത്തിന് അന്ന് സർക്കാരിൽ വിശ്വാസമില്ലായിരുന്നുവെന്നും ഇപ്പോൾ താൻ മൊഴി നൽകിയെന്നും തന്റെ സുരക്ഷയെക്കുറിച്ച് ചിന്തയില്ലെന്നും അദ്ദേഹം അറിയിച്ചു. സുശാന്തിന് നീതി ലഭിക്കണമെന്നും ഷാ പ്രതികരിച്ചു.
അഞ്ച് മൃതദേഹങ്ങളാണ് അന്ന് കൂപ്പർ ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടം ചെയ്യാനെത്തിയത്. ഇതിലൊന്ന് വിഐപി മൃതദേഹമാണെന്നറിഞ്ഞു. ഇത് സുശാന്തിന്റേതായിരുന്നു. അദ്ദേഹത്തിന്റെ കഴുത്തിൽ രണ്ടോ മൂന്നോ പാടുകളുണ്ടായിരുന്നു. രാത്രി പോസ്‌റ്റ്‌മോർട്ടം വീഡിയോ റെക്കാർഡ് ചെയ്യേണ്ടതാണ്. എന്നാൽ അന്ന് ഫോട്ടോ എടുക്കാൻ മാത്രമാണ് പറഞ്ഞത്. ഷാ പറയുന്നു.
2020 ജൂൺ 14ന് ബാന്ദ്രയിലെ തന്റെ അപാർട്ടുമെന്റിലാണ് സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുംബയ് പൊലീസ് നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്ന് മാഫിയയെക്കുറിച്ചും വൻ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പുറത്തുവന്നതോടെ എൻസിബിയും ഇഡിയും കേസന്വേഷിച്ചു.മരണം ആത്മഹത്യയാണെന്നാണ് അന്ന് നിഗമനത്തിലെത്തിയത്.