dubai

ദുബായ്: യുഎഇയിലെ സ്വദേശികളായ സർക്കാർ ജീവനക്കാർക്ക് ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഒരു വർഷത്തേയ്ക്ക് അവധി ആനുകൂല്യം ലഭിക്കും.സ്വദേശികളായ സർക്കാർ ജീവനക്കാർക്കിടയിൽ സംരംഭങ്ങൾ വളർത്തിയെടുക്കുന്ന പദ്ധതിയുടെ ഭാഗമായാണ് നടപടി. അടുത്ത മാസം മുതലാണ് അവധി ആനുകൂല്യമടക്കം നിലവിൽ വരിക.

കൂടുതൽ സ്വദേശികളെ സംരംഭകരാക്കാനുള്ള നീക്കത്തിന് തുടക്കം കുറിക്കുന്ന പദ്ധതിയെ സംബന്ധിച്ച പ്രഖ്യാപനം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേരത്തയും നടത്തിയിരുന്നു. 2023 ജനുവരി രണ്ടാം തീയതി മുതലാണ് ഈ പദ്ധതി പ്രാബല്യത്തിൽ വരിക. നിലവിലുള്ള സർക്കാർ ജോലി നഷ്ടമാക്കാതെ തന്നെ പുതിയ ബിസിനസ് ആരംഭിക്കാവുന്നതിനാൽ നിരവധിപേർ പദ്ധതിയുടെ ആനുകൂല്യങ്ങൾ വിനിയോഗിക്കുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ. കൂടാതെ അവധിയിൽ പ്രവേശിക്കുന്ന കാലയളവിലെ പകുതി ശമ്പളവും ജീവനക്കാർക്ക് ലഭ്യമാകുന്നതാണ്.

ബിസിനസ് സംരംഭത്തിനായി ലഭിക്കുന്ന ഒരു വർഷത്തെ അവധിയ്ക്കൊപ്പം ശമ്പളം ലഭ്യമല്ലാത്ത മറ്റു അവധികളും വാർഷിക അവധികളും കൂട്ടിച്ചേർക്കാവുന്നതാണ്. ജീവനക്കാർ ജോലി ചെയ്യുന്ന വകുപ്പിന്റെ ഫെഡറൽ മേധാവിയായിരിക്കും അവധി തീരുമാനിക്കുക. പദ്ധതി നടപ്പിലാക്കുന്നതോടെ സർക്കാ‌ർ ജീവനക്കാരെ സംരംഭകരാക്കി മാറ്റാൻ ശമ്പളത്തോടെ അവധി പ്രഖ്യാപിക്കുന്ന ആദ്യത്തെ രാജ്യമായി യുഎഇ മാറുമെന്നാണ് വിവരം.