
തിരുവനന്തപുരം: സീറോ ബഫർ സോൺ റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും. സർക്കാരിന്റെ വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള പരാതികളും പൊതുജനങ്ങൾക്ക് നൽകാനാകും. സീറോ ബഫർ റിപ്പോർട്ടിലും ഉപഗ്രഹ സർവേ റിപ്പോർട്ടിലും ജനുവരി ഏഴ് വരെ പരാതി നൽകാം.
അതേസമയം, പുതിയ ഭൂപടത്തിലും അപാകതകൾ ഉണ്ടെന്ന് കഴിഞ്ഞ ദിവസം ചേർന്ന വിദഗ്ദ്ധ സമിതി യോഗത്തിൽ വിലയിരുത്തിയിരുന്നു. വ്യക്തിഗത സർവേ നമ്പർ വിവരങ്ങൾ ഭൂപടത്തിൽ ഉണ്ടാകും. എന്നാൽ ഒരു സർവേ നമ്പറിലെ ചില പ്രദേശങ്ങൾ ബഫർ സോണിണ് അകത്തും ചിലത് പുറത്തുമാണ് കാണപ്പെടുന്നത്.
ജനുവരി പതിനൊന്നിനാണ് ബഫർസോണുമായി ബന്ധപ്പെട്ടുള്ള കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്. അതിനുമുമ്പ് ഫീൽഡ് പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയില്ലെന്ന ആശങ്കയുണ്ട്. അതിനാൽ രേഖകൾ സമർപ്പിക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെടാനാണ് സർക്കാർ നീക്കം. അതിനൊപ്പം കേന്ദ്ര സർക്കാർ സമർപ്പിച്ചിട്ടുള്ള ഹർജിയിൽ കക്ഷി ചേരാനുള്ള നടപടികളും വേഗത്തിലാക്കും.