sangeetha

തിരുവനന്തപുരം: വർക്കലയിൽ പതിനേഴുകാരിയെ ആൺസുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം സംശയത്തിന്റെ പേരിലെന്ന് സൂചന. വടശ്ശേരി സംഗീത നിവാസിൽ സംഗീതയാണ് (17) കൊല്ലപ്പെട്ടത്. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. സംഭവത്തിൽ സംഗീതയുടെ ആൺ സുഹൃത്ത് പള്ളിയ്‌ക്കൽ സ്വദേശി ഗോപു (20) പിടിയിലായിരുന്നു.

സംഗീത തന്നെ വഞ്ചിക്കുകയാണെന്ന ഗോപുവിന്റെ സംശയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. സംഗീതയും ഗോപുവും അടുപ്പത്തിലായിരുന്നു. ഗോപു സംഗീതയിൽ വിശ്വാസം ഉറപ്പിക്കുന്നതിനായി മറ്റൊരു നമ്പറിൽ നിന്ന് അഖിൽ എന്ന പേരിൽ ചാറ്റ് ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇയാൾ ഇത്തരത്തിൽ സംഗീതയുമായി ബന്ധം തുടരുകയായിരുന്നു. ഇതിനിടെ ഇന്നലെ 'അഖിൽ' സംഗീതയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഇതുപ്രകാരം സഹോദരിയെ അറിയിച്ച് സംഗീത വീടിന് പുറത്തേയ്ക്ക് പോവുകയായിരുന്നു. ഗോപു ഹെൽമറ്റ് ധരിച്ചിരുന്നു. എന്നാൽ യുവാവിനെ കണ്ടപ്പോൾ ഇത് ഗോപു തന്നെയെന്ന് സംഗീതയ്ക്ക് സംശയം തോന്നി. ഹെൽമറ്റ് മാറ്റാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇയാൾ കയ്യിൽ കരുതിയിരുന്ന പേപ്പർ മുറിക്കുന്ന കത്തി ഉപയോഗിച്ച് സംഗീതയെ ആക്രമിക്കുകയായിരുന്നു.

അതേസമയം, മകളെ കഴുത്തറുത്ത നിലയിൽ കണ്ടതിന്റെ ഞെട്ടലിലാണ് സംഗീതയുടെ പിതാവ് സജീവ്. കതകിൽ ആരോ തുടർച്ചയായി അടിക്കുന്ന ശബ്ദം കേട്ട് ജനൽ തുറന്നുനോക്കിയപ്പോൾ രക്തത്തിൽ കുളിച്ചുനിൽക്കുന്ന മകളെയാണ് കണ്ടതെന്ന് സജീവ് പറയുന്നു. കഴുത്തിൽ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നു. തുടർന്ന് ഉടൻ തന്നെ സംഗീതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.