
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഒരു വലിയൊരു കറയായിരുന്നു സോളാർ പീഡനക്കേസ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽവച്ച് പീഡിപ്പിച്ചെന്നായിരുന്നു ആരോപണം.
ഇടതുപക്ഷം സോളാർ പീഡനക്കേസ് വലിയ രാഷ്‌ട്രീയ ബോംബാക്കുകയും ചെയ്‌തിരുന്നു. പല തിരഞ്ഞെടുപ്പുകളിലും എതിരാളികൾ ആയുധമാക്കിയെങ്കിലും ഇതിലൊന്നും ഉമ്മൻചാണ്ടി എന്ന രാഷ്‌ട്രീയക്കാരൻ തളർന്നില്ല. സത്യം വിജയിക്കുമെന്ന് അദ്ദേഹം ആവർത്തിച്ചുപറഞ്ഞു.
ഉമ്മൻചാണ്ടിയുടെ ആത്മവിശ്വാസം പോലെത്തന്നെ സി ബി ഐ അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണിപ്പോൾ. ഉമ്മൻ ചാണ്ടിക്കെതിരായ ആരോപണത്തിൽ തെളിവില്ലെന്നും പരാതിക്കാരിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും കാണിച്ചാണ് തിരുവനന്തപുരം സി ജെ എം കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
ഉമ്മൻചാണ്ടിക്കെതിരെ ഇനി നിയമനടപടിക്കില്ലെന്ന് പരാതിക്കാരിയും വ്യക്തമാക്കിക്കഴിഞ്ഞു. ക്ലീൻ ചിറ്റ് ഉമ്മൻചാണ്ടിയ്ക്കും കോൺഗ്രസിനും ആശ്വാസമാണ് എന്നതിനപ്പുറം, എൽ ഡി എഫിന് കിട്ടിയ കനത്ത പ്രഹരം കൂടിയാണിത്. പല ചോദ്യങ്ങൾക്കും ഇടതുപക്ഷം മറുപടി നൽകേണ്ടിവരികയും ചെയ്യും.
സത്യം ഒരുപാട് കാലം മൂടിവയ്ക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിക്കഴിഞ്ഞു. 'ഈ വിഷയവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞവരാണ് അന്നത്തെ പ്രതിപക്ഷവും, ഇന്നത്തെ ഭരണപക്ഷവുമായ എൽ ഡി എഫ്. എത്രമാത്രം ആക്ഷേപങ്ങളും ആരോപണങ്ങളുമായിരുന്നു. രാഷ്ട്രീയ പക പോക്കലിന് വേണ്ടി സി ബി ഐയെ കൊണ്ടുവന്നു.
അന്വേഷണത്തോടെല്ലാം ഉമ്മൻചാണ്ടി സഹകരിച്ചു. ഇന്ന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ ഇതിനേക്കാൾ വലിയ ആരോപണങ്ങൾ ഉണ്ടായി. ഈ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്താനുള്ള ആത്മധൈര്യം ഇനിയെങ്കിലും മുഖ്യമന്ത്രി കാണിക്കാൻ തയ്യാറാകുമോ' -കോൺഗ്രസ് നേതാവ് ബെന്നി ബെഹ്നാൻ ചോദിച്ചു.