
തിരുവനന്തപുരം: സോളാർ കേസിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വന്തം പാർട്ടിയിൽ നിന്ന് പുറത്തുപോകുന്നവരോട് സി പി എം പണ്ടുമുതൽക്കുതന്നെ അവലംബിച്ചിരുന്ന രീതിയാണ് കോൺഗ്രസിന്റെ മുതിർന്ന നേതാക്കളോട് കാട്ടിയത്. അവരും അവരുടെ കുടുംബങ്ങളും അനുഭവിച്ച വേദനയ്ക്കും അപമാനത്തിനും ആര് കണക്കുപറയുമെന്നും വി ഡി സതീശൻ ചോദിച്ചു.
ആളുകളെ അപമാനിക്കുന്നതിനായി സി പി എം നടത്തുന്ന ഇത്തരത്തിലെ അവസാന ശ്രമമായിരിക്കണം സോളാർ കേസ്. കേരളരാഷ്ട്രീയത്തിൽ ഇത്തരം വേട്ടയാടലുകൾ ഇനി ഉണ്ടാകാൻ പാടില്ല. പരാതിക്കാരി ആവശ്യപ്പെട്ടതുകൊണ്ടാണ് സി ബി ഐ അന്വേഷണത്തിന് വിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാലിപ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് മറ്റൊരു പരാതിക്കാരി എത്തിയപ്പോൾ എന്തുകൊണ്ട് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടില്ല? കാലം ഇപ്പോൾ മുഖ്യമന്ത്രിയോടും സി പി എമ്മിനോടും കണക്ക് ചോദിക്കുകയാണ്. ഉമ്മൻ ചാണ്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി മാപ്പുപറയണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. അതേസമയം, ഇ പി ജയരാജൻ വിഷയത്തിൽ ഗൗരവതരമായ അന്വേഷണം വേണമെന്ന് വി ഡി സതീശൻ ആവർത്തിച്ചു. മുഖ്യമന്ത്രി മൗനം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സോളാർ കേസിൽ മുഖ്യമന്ത്രിയോട് നന്ദി പറയുന്നെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.കേസ് സി ബി ഐ ഏറ്റെടുത്തതുകൊണ്ടാണ് സത്യം പുറത്തുവന്നത്. ഉർവശീ ശാപം ഉപകാരമായി. നിരപരാധികളെ നിരപരാധികളായിത്തന്നെ കാണാൻ സി ബി ഐയ്ക്ക് സാധിച്ചുവെന്നും കെ സുധാകരൻ പറഞ്ഞു.