
തിരുവനന്തപുരം: വർക്കലയിൽ പതിനേഴുകാരിയുടെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വടശ്ശേരി സംഗീത നിവാസിൽ സംഗീതയാണ് (17) കൊല്ലപ്പെട്ടത്. ആൺ സുഹൃത്ത് പള്ളിയ്‌ക്കൽ സ്വദേശി ഗോപു (20) വാണ് കൃത്യം നടത്തിയത്. ഇരുവരും ദീർഘനാളുകളായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. അടുത്തിടെ വേർപിരിഞ്ഞു.
മറ്രാരോടെങ്കിലും പെൺകുട്ടിയ്‌ക്ക് ഇഷ്‌ടമുണ്ടോയെന്ന് ഗോപുവിന് സംശയമുണ്ടായിരുന്നു. തുടർന്ന് മറ്റൊരു സിമ്മെടുത്ത് അഖിൽ എന്ന പേരിൽ ശബ്ദം മാറ്റി പെൺകുട്ടിയുമായി വീണ്ടും അടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഗോപുവാണെന്ന് പെൺകുട്ടിയ്‌ക്ക് സംശയമൊന്നും തോന്നിയുമില്ല.
ഇന്നലെ അർദ്ധകരാത്രി നേരിട്ട് കാണണമെന്ന പറഞ്ഞ് 'അഖിൽ' പെൺകുട്ടിയെ വിളിക്കുകയായിരുന്നു. ഗോപുവാണെന്നറിയാതെ സംഗീത പുറത്തിറങ്ങുകയായിരുന്നു. ഹെൽമറ്റ് ധരിച്ചാണ് ഗോപു വന്നത്. ആളെ തിരിച്ചറിഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് പെൺകുട്ടിയുടെ കഴുത്തിൽ വെട്ടുകയായിരുന്നു.
തുടർന്ന് പെൺകുട്ടി തന്റെ കഴുത്തിൽ പിടിച്ചുകൊണ്ട് വീടിന്റെ വാതിലിൽ അടിക്കുകയായിരുന്നു. ചോരയിൽ കുളിച്ചുകിടക്കുന്ന മകളെയാണ് വാതിൽ തുറന്ന മാതാപിതാക്കൾ കണ്ടത്. അയൽക്കാരും ബന്ധുക്കളുമെല്ലാവരും കൂടി ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.