ക്രിസ്‌മസ്- ന്യൂ ഇയർ നാളുകളിൽ കൂടുതൽപേരും പരീക്ഷിക്കുന്നത് മട്ടൺ, ബീഫ് വിഭവങ്ങളായിരിക്കും. അതിനാൽ തന്നെ ക്രിസ്മസ് സ്പെഷ്യൽ വിഭവവുമായാണ് ഇത്തവണ സോൾട്ട് ആന്റ് പെപ്പർ എത്തിയിരിക്കുന്നതും. 'ആട് കനലിൽ ചുട്ടത്' തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
കഷ്ണങ്ങളാക്കി മുറിക്കാതെ ഒരു ആടിനെ മുഴുവനായി ചുട്ടെടുക്കുകയാണ് ചെയ്യുന്നത്. ഇതിനായി തോലുകളഞ്ഞ് വൃത്തിയാക്കിയ ആടിൽ വറുത്തെടുക്കാൻ പാകത്തിൽ ഇടയ്ക്കിടയ്ക്കായി വരയണം.
അടുത്തതായി ഒരു പാത്രത്തിൽ ആവശ്യത്തിന് മുളകുപൊടി, ഗരം മസാല പൊടി, കുരുമുളക് പൊടി, മല്ലിപ്പൊടി, മീറ്റ് മസാല, മഞ്ഞൾപ്പൊടി, കാശ്‌മീരി മുളകുപൊടി, ഇരുപതോളം അല്ലി വെളുത്തുള്ളിയും വലിയ കഷ്ണം ഇഞ്ചിയും അരച്ചെടുത്ത പേസ്റ്റ്, ആവശ്യത്തിന് ഉപ്പ് എന്നിവയും കുറച്ച് വെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കണം. ഇതിലേയ്ക്ക് കുറച്ച് വെള്ളിച്ചെണ്ണ കൂടി ചേർത്ത് നന്നായി യോജിപ്പിച്ചുവയ്ക്കണം. ഇത് ആടിന്റെ പുറത്ത് നന്നായി തേച്ചുപിടിപ്പിക്കണം. കുറച്ചുനേരം മസാല പിടിക്കുന്നതിനായി വച്ചിട്ട് ഒരു കട്ടിയുള്ള കമ്പിൽ വച്ചുകെട്ടി കനലിൽവച്ച് ചുട്ടെടുക്കാം.
