
തിരുവനന്തപുരം: എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റിന് നാല് വാഹനങ്ങൾ വാങ്ങാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. നെയ്യാറ്റിൻകര താലൂക്കിൽ പുതുതായി സ്ഥാപിച്ച കീഴാറ്റൂർക്കടവ്, പാഞ്ചിക്കാട്ടുകടവ്, പെരിഞ്ചാൻ കടവ് എന്നീ പാലങ്ങളിലൂടെയും കാരോട്, കുട്ടപ്പൂ എന്നീ സ്ഥലങ്ങളിലൂടെയും മദ്യം, മയക്കുമരുന്ന് എന്നിവ കടത്തുന്നവരെ പിന്തുടർന്ന് പിടികൂടാൻ ആധുനിക സൗകര്യങ്ങളുള്ള വാഹനങ്ങൾ വാങ്ങണമെന്ന എക്‌സൈസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് എന്ന പേരിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നാല് മൊബൈൽ പട്രോൾ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണിത്.
തുക നൽകും
പുനർഗേഹം പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് 42.75 കോടി രൂപ അഡീഷണൽ ഓതറൈസേഷൻ മുഖേന അനുവദിക്കുന്നതിന് ധനവകുപ്പിന് നിർദ്ദേശം നൽകും.
ശമ്പള പരിഷ്‌കരണം
കേരള ലളിതകലാ അക്കാദമിയുടെ സർക്കാർ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവൻസ് തുടങ്ങിയവ 10.02.2021 ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വ്യവസ്ഥകൾക്ക് വിധേയമായി പരിഷ്‌കരിച്ചു നൽകും.
അംഗീകൃത മൂലധനം ഉയർത്തും
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ അംഗീകൃത മൂലധനം 150 കോടി രൂപയിൽ നിന്നും 200 കോടിരൂപയായി ഉയർത്താൻ തീരുമാനിച്ചു.