മോഷ്ടാക്കളെ ഭയന്ന് സ്വർണം അടക്കമുള്ള അമൂല്യ വസ്തുക്കൾ ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്നവരാണ് അധികം പേരും. ലോക്കർ ആരംഭിക്കുന്നതിനായി മിക്ക ബാങ്കുകളും നിശ്ചിത തുക ഈടാക്കാറുണ്ട്. ഇതിന് പുറമേ വാർഷിക ഫീസും നൽകണം. ലോക്കറിൽ സൂക്ഷിക്കുന്ന വസ്തുക്കളുടെ സുരക്ഷ സംബന്ധിച്ചും ആളുകൾക്കിടയിൽ ചില സംശയങ്ങൾ ഉയരാറുണ്ട്. എന്നാൽ ഇതിനെല്ലാം മറുപടിയായി പുതിയ വ്യവസ്ഥകൾ കൊണ്ടുവന്നിരിക്കുകയാണ് റിസർവ് ബാങ്ക്. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ലോക്കർ വ്യവസ്ഥകൾ അറിയാം
ബാങ്കുകളിൽ നിന്നും ഉപഭോക്താക്കൾക്ക് ലോക്കർ അനുവദിക്കുമ്പോൾ മുദ്ര പത്രത്തിൽ ഒരു കരാർ എഴുതും, ഈ കരാറിന്റെ ഒറിജിനൽ ബാങ്കിലും പകർപ്പ് ഇടപാടുകാരനും നൽകും.
ലോക്കർ അനുവദിച്ചു നൽകുമ്പോൾ ഉപഭോക്താവിന്റെ മെയിലിലേക്കും, ഫോണിലേക്കും ബാങ്കിൽ നിന്നും സന്ദേശം നൽകും. പിന്നീട് ലോക്കർ തുറക്കുമ്പോഴും ഇത്തരത്തിൽ സന്ദേശങ്ങൾ അയക്കും. ഇതിലൂടെ ലോക്കർ തുറക്കുന്നതിനെ കുറിച്ച് ഇടപാടുകാരന് കൃത്യമായ വിവരം ലഭിക്കും. ലോക്കർ തുറന്ന സമയം അടക്കമുള്ള വിവരങ്ങൾ ഇതിലുണ്ടാവും.
ലോക്കറിനുള്ളിലെ ഉപഭോക്താവിന്റെ വിലപിടിപ്പുള്ള വസ്തുക്കൾ ബാങ്കിന്റെ ഭാഗത്തുനിന്നുള്ള പിഴവ് മൂലം നഷ്ടമായാൽ അതിന് നഷ്ടപരിഹാരം ഉറപ്പാക്കും. വാർഷിക വാടകയുടെ നൂറിരട്ടിയാവും നഷ്ടപരിഹാരമായി നൽകുക. മോഷണം, തീപിടിത്തം തുടങ്ങിയ കാരണങ്ങളാലുണ്ടാവുന്ന നഷ്ടത്തിനും നഷ്ടപരിഹാരം ലഭിക്കും.
എന്നാൽ പ്രകൃതി ദുരന്തങ്ങളാലുണ്ടാവുന്ന നഷ്ടങ്ങൾക്ക് ബാങ്ക് നഷ്ടപരിഹാരം നൽകേണ്ട ആവശ്യമില്ല. എന്നാൽ ഇത്തരം അവസരങ്ങളിലും ലോക്കറിലെ വസ്തുക്കൾ സൂക്ഷിക്കേണ്ടത് ബാങ്കിന്റെ കടമയാണ്.
ലോക്കർ അനുവദിക്കുന്നയാൾ മരണപ്പെട്ടാൽ സൂക്ഷിച്ചിട്ടുള്ള വസ്തുക്കൾ കരാറിലെ നോമിനിക്ക് ബാങ്ക് കൈമാറും. മരണപ്പെട്ടയാളുടെ ഡെത്ത് സർട്ടിഫിക്കറ്റ് ഉൾപ്പടെ ഇതിനായി ബാങ്ക് ആവശ്യപ്പെടും.
പുതിയ വ്യവസ്ഥകൾ സംബന്ധിച്ച സന്ദേശങ്ങൾ ബാങ്കുകളിൽനിന്ന് ലോക്കർ ഉടമകൾക്ക് അയച്ച് തുടങ്ങിയിട്ടുണ്ട്.