kings-court-delhi

ന്യൂഡൽഹി: സുപ്രിംകോടതിയിലെ അഭിഭാഷകന്റെ വീട്ടിൽ നിന്ന് കോടികൾ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. അഭിഭാഷകന്റെ മുൻ ജീവനക്കാരനായ ഷൊയ്ബ് (27) ആണ് അറസ്റ്റിലായത്. ഇയാളുടെ കെെയിൽ നിന്ന് രണ്ട് കോടി രൂപയുടെ ആഭരണങ്ങളും പണവും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സൗത്ത് ഡൽഹിയിലെ കിംഗ്സ് കോർട്ടിലാണ് അഭിഭാഷകന്റെ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്.

ഡിസംബർ 23ന് അഭിഭാഷകൻ കുടുംബത്തോടൊപ്പം തായ്‌ലാൻഡിൽ പോയപ്പോഴാണ് മോഷണം നടന്നത്. ഫ്ലാറ്റിൽ നിന്ന് വിലകൂടിയ വാച്ചുകൾ, മൊബെെൽ ഫോണുകൾ, ആഭരണങ്ങൾ, പണം എന്നിവ ഷൊയ്ബ് മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. മൂന്ന് തലസുരക്ഷ സംവിധാനമുള്ള കിംഗ്സ് കോർട്ട് സൊസെെറ്റിയിൽ പ്രതി കവർച്ച നടത്തിയത് എങ്ങനെയെന്ന് പൊലീസ് അമ്പരന്നു,​ ഒരു ലക്ഷം രൂപയാണ് പ്രതിമാസം സെക്യൂരിറ്റി ചാർജായി അവിടെയുള്ളവർ സൊസെെറ്റിയിൽ അടയ്ക്കുന്നത്.

കിംഗ്സ് കോർട്ടിലെ സിസിടിവി കാമറകളിൽ നിന്ന് പ്രതി മതിൽ കടക്കുന്നതിന്റെ ദൃശ്യങ്ങൾ പെലീസിന് ലഭിച്ചു. തുടർന്ന് പ്രതി അഭിഭാഷകന്റെ അഞ്ചാം നിലയിലെ ഫ്ലാറ്റിലെത്താൻ വെന്റിലേറ്റർ ഷാഫ്റ്റ് ഉപയോഗിച്ചു. ഫ്ലാറ്റിലെ ഗ്ലാസ് തകർത്താണ് പ്രതി അകത്ത് കടന്നത്. ഏഴുമണിക്കൂറോളം പ്രതി അവിടെ ചെലവഴിച്ചു. ലോക്കർ തകർക്കാൻ പ്രതി ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.

അഭിഭാഷകന്റെ ബന്ധു ഹർജീത് സിംഗിന്റെ കെയർടേക്കറാണ് ഫ്ലാറ്റിൽ സാധനങ്ങൾ ചിതറിക്കിടക്കുന്നതായി ആദ്യം കണ്ടത്. തുടർന്ന് ഹർജീത് പൊലീസിൽ പരാതി നൽകി. അഭിഭാഷകൻ തിരിച്ചെത്തിയതിന് ശേഷം മാത്രമേ മറ്റ് മോഷണം പോയ സാധനങ്ങളെക്കുറിച്ച് അറിയാൻ കഴിയുവെന്ന് പൊലീസ് പറഞ്ഞു.