
ചെന്നൈ: പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർക്ക് ക്ഷേത്രപ്രവേശനം സാദ്ധ്യമാക്കി രണ്ട് വനിതാ സിവിൽ സർവീസ് ഉദ്യോഗസ്ഥർ. തമിഴ്നാട്ടിലെ പുതുക്കോട്ടയിലെ വേങ്ങവയൽ ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ അയ്യനാർ ക്ഷേത്രത്തിൽ പതിറ്റാണ്ടുകളായി ദളിതർക്ക് പ്രവേശനമില്ലായിരുന്നു.
ജനപ്രതിനിധകൾ വർഷങ്ങളായി ശ്രമിച്ചിട്ടും മാറ്റാൻ കഴിയാത്ത അയിത്തമാണ് നിമിഷനേരം കൊണ്ട് പുതുക്കോട്ട കളക്ടർ കവിത രാമുവും, എസ് പി വന്ദിത പാണ്ഡേയും ചേർന്ന് മാറ്റിയത്. ഗ്രാമത്തിലെ എസ് സി, എസ് ടി കോളനിക്കാർക്കുള്ള കുടിവെള്ള ടാങ്കിൽ അജ്ഞാതർ മലം കലർത്തിയത് അന്വേഷിക്കാനെത്തിയതായിരുന്നു ഉദ്യോഗസ്ഥർ.
നാട്ടുകാരോട് പ്രശ്നങ്ങൾ ചോദിച്ചറിയുന്നതിനിടയിലാണ് ഒരു പെൺകുട്ടി ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുന്നില്ലെന്ന് അറിയിച്ചത്. തുടർന്ന് ഭാരവാഹികളെ വിളിപ്പിച്ച് ക്ഷേത്രം തുറപ്പിച്ച് എല്ലാവർക്കും പ്രവേശനം നൽകി. ഭാരവാഹികൾക്കെതിരെ എസ് സി, എസ് ടി പീഡന നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.