
അമിത വണ്ണം കുറയ്ക്കാൻ ഡയറ്റിംഗും, വർക്കൗട്ടും മനസില്ലാമനസോടെ ചെയ്യുന്നവർ നിരവധിയാണ്. എന്നാൽ ഇത്തരക്കാരെ ഞെട്ടിപ്പിച്ചുകൊണ്ട് ഒറ്റയടിക്ക് യുവതിയുടെ അരവണ്ണം കുറച്ചിരിക്കുകയാണ് പാസ്റ്റർ. ദക്ഷിണാഫ്രിക്കയിൽ നിന്നുമാണ് ഈ വൈറൽ വീഡിയോ പുറത്ത് വന്നിട്ടുള്ളത്.
സദസിൽ നിന്നും വേദിയിലേക്ക് യുവതിയെ വിളിച്ചു വരുത്തിയ പാസ്റ്റർ അവരുടെ ദൈവ വിശ്വാസത്തെ കുറിച്ച് ചോദിക്കുന്നു. ഇതിന് പിന്നാലെ ദൈവ വിശ്വാസമുണ്ടെങ്കിൽ എന്തും സംഭവിക്കുമെന്ന് അവൾ മറുപടി പറയുന്നു. ഇതിന് പിന്നാലെ യുവതിയോട് കൈകൾ ഉയർത്താൻ പറയുകയും , അവളുടെ അരക്കെട്ട് കുറയ്ക്കാൻ ദൈവത്തോട് പാസ്റ്റർ പ്രാർത്ഥിക്കുകയും ചെയ്യുന്നു. കുറച്ച് സമയത്തിനകം യുവതിയുടെ അരവണ്ണം രണ്ട് ഇഞ്ചോളം കുറയുന്നതായും കാണിക്കുന്നുണ്ട്.
ഈ 'അത്ഭുത പ്രവൃത്തിയെ' തുടർന്ന് സദസിൽ നിന്നും വിശ്വാസികളുടെ കൈയടി ഉയരുന്നുമുണ്ട്.
വീഡിയോ പുറത്ത് വന്നതോടെ നിരവധി പേർ പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇനി ജിമ്മിൽ പോവുകയോ വ്യായാമമോ ഡയറ്റിംഗോ ഒന്നും ആവശ്യമില്ലല്ലോയെന്ന് ഇവർ പറയുന്നു. അടുത്തിടെ സ്വർഗത്തിൽ വെച്ച് ദൈവവുമായി കൂടിക്കാഴ്ച ഒരുക്കാമെന്ന് അവകാശപ്പെട്ടും ദക്ഷിണാഫ്രിക്കയിലെ ഒരു പാസ്റ്റർ രംഗത്തുവന്നിരുന്നു. ഇതിനായി ഭാരിച്ച തുകയും ഇദ്ദേഹം വിശ്വാസികളിൽ നിന്നും ആവശ്യപ്പെട്ടിരുന്നു.