suv-

പനാജി : എം എൽ എ സ്റ്റിക്കർ പതിച്ച എസ് യു വി ഗോവയിലെ ബോഗ്മലോ ബീച്ചിൽ അനധികൃതമായി ഇറക്കിയതിന് പൊലീസ് കേസെടുത്തു. തെലങ്കാന രജിസ്‌ട്രേഷൻ നമ്പരുള്ള എസ് യു വി മണലിൽ ഇറങ്ങിയതിന് പിന്നാലെ ടയർ താഴ്ന്ന് പോവുകയായിരുന്നു. ടി എസ് 08 എഫ്‌കെ 9786 എന്ന നമ്പരിലുള്ള വാഹനം മുഹമ്മദ് ഗൗസുദ്ദീൻ എന്നയാളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ വാഹനത്തിന് അമിത വേഗതയുടെ പേരിൽ നാല് പ്രാവശ്യം ഫൈൻ അടയ്ക്കാൻ നോട്ടീസ് നൽകിയിട്ടുള്ളതാണ്. എന്നാൽ ഇത് പെൻഡിംഗിലാണുള്ളത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വാഹനം ബീച്ചിലെ മണൽതിട്ടയിലേക്ക് അനുവാദം ഇല്ലാതെ ഇറക്കിയത്. മണലിൽ കാർ പുതഞ്ഞതോടെ ഉയർത്താൻ വാഹനത്തിലുള്ളവർ ശ്രമിച്ചെങ്കിലും നാട്ടുകാർ കൂട്ടമായെത്തി തടഞ്ഞിടുകയായിരുന്നു. തുടർന്ന് പൊലീസെത്തി മണലിൽ നിന്ന് വാഹനം പുറത്തെടുത്ത ശേഷം മുന്നറിയിപ്പ് നൽകി വിട്ടയച്ചു.