containers-

തിരുവനന്തപുരം : ആക്കുളത്ത് സർവ്വീസ് റോഡുകളെ അപകടക്കെണികളാക്കി കണ്ടെയ്നർ ലോറികളുടെ അനധികൃത പാർക്കിംഗ് തുടരുന്നു. സ്ഥലത്ത് ലുലു മാൾ പ്രവർത്തനം തുടങ്ങിയപ്പോൾ ഇവിടെയുള്ള ഗതാഗതം സുഗമമാക്കാൻ സർവ്വീസ് റോഡ് ടാർ ചെയ്യുകയും മറ്റ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ വഴിയാത്രക്കാരെയും ഇതുവഴി കടന്ന് പോകുന്ന വാഹനങ്ങളെയും അപകടത്തിലേയ്ക്ക് തള്ളിവിടും വിധത്തിലാണ് നടപ്പാതയിലും റോഡിലുമായി കണ്ടെയ്നർ ലോറികൾ ദിവസേന പാർക്ക് ചെയ്യുന്നത്.

ദേശിയപാതയോട് ചേർന്നുള്ള രണ്ട് ദിശയിലേയ്ക്കുള്ള സർവ്വീസ് റോഡുകളിലൂടെയും ആയിരക്കണക്കിന് വാഹനങ്ങളാണ് ഓരോ ദിവസവും കടന്നുപോകുന്നത്. ഇത്രയും വാഹനങ്ങൾക്കുള്ള സുഗമമായ ഗതാഗത സൗകര്യത്തിന് വെല്ലുവിളിയാവുകയാണ് കണ്ടെയ്നർ ലോറികളുടെ നിയമലംഘനം. ഒന്നും രണ്ടുമല്ല, പത്തിലധികം കണ്ടെയ്നർ ലോറികളാണ് സർവ്വീസ് റോഡുകളിൽ നിരത്തിയിടുന്നത്. കാൽനടയാത്രക്കാർക്ക് അരിക് ചേർന്ന് നടക്കാനുള്ള സൗകര്യം പോലും നൽകാതെയാണ് നിയമലംഘനം. വാഹനക്കമ്പനികളുടെ ഗോഡൗണുകളിലേയ്ക്ക് വാഹനങ്ങൾ എത്തിയ്ക്കുന്നവയാണ് ഈ കണ്ടെയ്നറുകൾ. എന്നാൽ വാഹനങ്ങളുടെ അൺലോഡിംഗ് പൂർത്തിയായാലും ലോറികൾ സർവ്വീസ് റോഡിൽ തന്നെ തുടരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം.

ആനയറ വേൾഡ് മാർക്കറ്റിനും ലുലു മാളിനുമിടയിലുള്ള തിരക്കേറിയ സർവ്വീസ് റോഡിൽ ഒരേ സമയം പത്തിനടുത്ത് കണ്ടെയ്നർ ലോറികളാണ് റോഡിന്റെ പകുതി ഭാഗം കയ്യേറി പാർക്ക് ചെയ്ത് വരുന്നത്. എതിർവശത്തുള്ള കിംസ്, മെഡിക്കൽ കോളേജ് ഭാഗങ്ങളിലേയ്ക്കുള്ള സർവ്വീസ് റോഡിലും ഗതാഗത തടസം രൂക്ഷമാക്കുന്നത് ലോറികളുടെ സമാനമായ പാർക്കിംഗ് തന്നെ. ആംബുലൻസ്, ഫയർഫോഴ്സ് അടക്കം അടിയന്തര ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾക്ക് പോലും ഇതുവഴി കടന്നുപോകാൻ തടസ്സം നേരിടുന്നുണ്ട്.

റോഡ് കയ്യേറിയുള്ള ലോറികളുടെ പാർക്കിംഗ് മൂലം ഗതാഗത തടസ്സം മാത്രമല്ല , മേഖലയിൽ അപകടങ്ങളും പതിവായിട്ടുണ്ട്. പ്രത്യേകിച്ച് ഇരുചക്രവാഹനയാത്രക്കാർക്ക്. യാത്രക്കാരുടെ അടക്കം പരാതി തുടരുമ്പോഴും ലോറികളുടെ അനധികൃതപാർക്കിംഗിനെതിരെ പോലീസും മോട്ടോർവാഹനവകുപ്പും മെല്ലെപ്പോക്ക് തുടരുന്നതായി ആക്ഷേപം ശക്തമാണ്. വാഹനപരിശോധനയ്ക്കായി ദിവസേന മേഖലയിൽ പോലീസ് എത്തുന്നുണ്ടെങ്കിലും ലോറികളുടെ നിയമലംഘനത്തിൽ നടപടിയില്ല. പൊലീസെത്തിയാലും ലോറികൾ മാറ്റാൻ വാക്കാലുള്ള നിർദ്ദേശം മാത്രം നൽകി മടങ്ങുകയാണ് പതിവ്. മേഖലയിൽ തിരക്ക് വർദ്ധിയ്ക്കുന്ന പശ്ചാത്തലത്തിൽ പ്രശ്ന പരിഹാരത്തിന് അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യം ശക്തമായിരിയ്ക്കുകയാണ്.