
ഛത്തിസ്ഗഡിനെതിരായ രഞ്ജി മത്സരത്തിൽ കേരളത്തിന് ലീഡ്
രോഹൻ പ്രേമിനും (77) സച്ചിൻ ബേബിക്കും (77) അർദ്ധസെഞ്ച്വറി
തിരുവനന്തപുരം : തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ഛത്തിസ്ഗഡിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ സമ്പൂർണാധിപത്യവുമായി കേരളം. ഛത്തിസ്ഗഡിനെ ആദ്യ ഇന്നിംഗ്സിൽ 149 റൺസിന് ആൾഒൗട്ടാക്കിയിരുന്ന കേരളം രണ്ടാം ദിവസമായ ഇന്നലെ ആദ്യ ഇന്നിംഗ്സ് 311ൽ അവസാനിപ്പിച്ച ശേഷം ഛത്തിസ്ഗഡിനെ രണ്ടാം ഇന്നിംഗ്സിനിറക്കി 10/2 എന്ന നിലയിലാക്കിയിരിക്കുകയാണ്. രണ്ടുദിനം ശേഷിക്കേ 152 റൺസ് ലീഡിലാണ് കേരളം.
ഇന്നലെ 100/2 എന്ന സ്കോറിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ കേരളത്തിന് അർദ്ധസെഞ്ച്വറികൾ നേടുകയും മൂന്നാം വിക്കറ്റിൽ 123 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്ത രോഹൻ പ്രേമും സച്ചിൻ ബേബിയുമാണ് കരുത്തായത്. ഇരുവരും 77 റൺസ് വീതമാണ് നേടിയത്. രോഹനും സച്ചിനും ചേർന്ന് കേരളത്തിന് ലീഡ് നേടിക്കൊടുത്തശേഷമാണ് വേർപിരിഞ്ഞത്. 157 പന്തുകളിൽ ഏഴുഫോറടക്കം 77 റൺസ് നേടിയ രോഹനാണ് ആദ്യം പുറത്തായത്. രഞ്ജിയിൽ രോഹന്റെ 24-ാമത് അർദ്ധസെഞ്ച്വറിയാണ് ഇന്നലെ തുമ്പയിൽ പിറന്നത്.മായാങ്ക് യാദവിന്റെ പന്തിൽ ഷാനവാസ് ഹുസൈന് ക്യാച്ച് നൽകിയാണ് രോഹൻ മടങ്ങിയത്.ഇതോടെ കേരളം 192/3 എന്ന നിലയിലായി.
തുടർന്ന് ക്രീസിലെത്തിയ അക്ഷയ് ചന്ദ്രനും (12) സച്ചിൻ ബേബിയും ചേർന്ന് 229ലെത്തിച്ചു. ഈ സ്കോറിൽ വച്ച് ഇരുവരും പുറത്തായി. 171 പന്തുകളിൽ ആറുഫോറും ഒരു സിക്സും പായിച്ച സച്ചിൻ ബേബി റൺഒൗട്ടായപ്പോൾ അടുത്ത ഓവറിൽ അക്ഷയ് ചന്ദ്രനെ ശശാങ്ക് സിംഗ് മടക്കി അയച്ചു. നായകൻ സഞ്ജു സാംസൺ (46)ഒരറ്റത്ത് പൊരുതിനിന്നെങ്കിലും ജലജ് സക്സേന(11), സിജോമോൻ ജോസഫ് (6) എന്നിവർ പുറത്തായി. 54 പന്തുകളിൽ മൂന്ന് വീതം ഫോറും സിക്സും പറത്തിയ സഞ്ജുവിനെ ടീം സ്കോർ 295ലെത്തിയപ്പോഴാണ് സുമിത് റുയ്കർ ബൗൾഡാക്കിയത്. 311ൽ വച്ച് ഫാനൂസും ബേസിലും കൂടി പുറത്തായതോടെ 162 ലീഡിൽ കേരളത്തിന്റെ ഇന്നിംഗ്സിന് കർട്ടൻ വീണത്.
തുടർന്ന് രണ്ടാം ഇന്നിംഗ്സിനറങ്ങിയ ഛത്തിസ്ഗഡിന് ആദ്യ ഓവറിൽ റിഷഭ് തിവാരിയെയും (0)രണ്ടാം ഓവറിൽ ഹുർക്കാത്തിനെയും (0) നഷ്ടമായി. റിഷഭിനെ ബൗളിംഗ് ഓപ്പൺ ചെയ്ത ജലജ് സക്സേനയും ഹുർക്കാത്തിനെ വൈശാഖ് ചന്ദ്രനുമാണ് പുറത്താക്കിയത്. മൂന്നാം ദിനമായ ഇന്ന് ഛത്തിസ്ഗഡിനെ എത്രയും വേഗം പുറത്താക്കി ഇന്നിംഗ്സ് ജയം നേടാനും അതുവഴി പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനുമാകും കേരളത്തിന്റെ ശ്രമം.