
രാജ്യത്തെ ഏറ്റവും പ്രശസ്‌തരായ വ്യവസായികളിൽ ഒരാളാണ് രത്തൻ ടാറ്റ. ഇന്ന് അദ്ദേഹത്തിന്റെ 85-ാം പിറന്നാൾ ആണ്. ഇന്ത്യയിലെ ഏറ്റവും ധനികരായ ബിസിനസുകാരിൽ ഒരാൾ മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന വ്യക്തി കൂടിയാണ് രത്തൻ ടാറ്റ. ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാനാണ് ഇദ്ദേഹം.
ലോകത്താകമാനം ആരാധകരുള്ള ഇദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധികം ആർക്കും അറിയില്ല. ആരെയും വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഒരു പ്രണയമുണ്ടായിരുന്നതായി രത്തൻ ടാറ്റ മുൻപ് വെളിപ്പെടുത്തിരുന്നു. പിന്നെ ടാറ്റ ഗ്രൂപ്പിന്റെ വിജയത്തിനായി തന്റെ പൂർണ സമയവും പ്രയത്നവും ഉപയോഗിക്കാൻ താൻ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോസ് ഏഞ്ചൽസിൽ ജോലി ചെയ്യുന്ന സമയത്താണ് അദ്ദേഹം ഒരു സ്ത്രീയുമായി പ്രണയത്തിലാകുന്നത് എന്നാണ് റിപ്പോർട്ട്. അവരെ വിവാഹം കഴിക്കാൻ അദ്ദേഹം ആലോചിച്ചിരുന്നു. എന്നാൽ തന്റെ മുത്തശ്ശിയെ പരിചരിക്കാൻ രത്തന് ഇന്ത്യയിലേയ്ക്ക് മടങ്ങേണ്ടി വന്നു. യുവതിയെ ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകാമെന്ന് രത്തൻ കരുതിയെങ്കിലും, 1962ലെ ഇന്ത്യ - ചെെന യുദ്ധം കാരണം യുവതിയുടെ മാതാപിതാക്കൾ അവരെ ഒപ്പം പോകാൻ അനുവദിച്ചില്ല. ഇത് അവരുടെ ബന്ധം അവസാനിക്കുന്നതിന് കാരണമായി. രത്തൻ ടാറ്റ ആ സ്ത്രീ ആരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹം മറ്റാരെയും വിവാഹം കഴിച്ചിട്ടുമില്ല.
ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ച വ്യക്തിയാണ് രത്തൻ ടാറ്റ. ടാറ്റ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനം രാജിവച്ചതിന് ശേഷം അദ്ദേഹം നിലവിൽ നിരവധി ചാരിറ്റബിൾ ട്രസ്റ്റുകളുടെ തലവനാണ്.