gopu

വർക്കല: പതിനേഴുകാരിയായ സംഗീത വർക്കലയിൽ കഴുത്തറുത്ത് കൊല്ലപ്പെടാനിടയായത് പ്രതി പളളിക്കൽ സ്വദേശി ഗോപു(20)വിനുണ്ടായ സംശയം. പെൺകുട്ടിയുടെ അച്ഛൻ ആവശ്യപ്പെട്ടതോടെ സംഗീത പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയത് അംഗീകരിക്കാത്ത ഗോപു മറ്രൊരു പ്രണയബന്ധം സംഗീതയ്‌ക്കുണ്ടെന്ന് സംശയിച്ചാണ് 'അഖിൽ' എന്ന വ്യാജ ഐഡിയുണ്ടാക്കി പെൺകുട്ടിയുമായി അടുത്തത്. ഇതിനായി പുതിയ സിം പ്രതിയെടുത്തിരുന്നു. ഈ ഐഡിയിൽ സംഗീതയുമായി ചാറ്റ് ചെയ്‌ത പ്രതി പുലർച്ചെ ഒന്നരയോടെ പെൺകുട്ടിയുടെ വീടിന് മുന്നിലെത്തി പെൺകുട്ടിയെ വിളിച്ചുവരുത്തി. തുടർന്ന് സഹോദരിയോടൊപ്പം സംഗീത ഇവരുടെ വീടിന് നൂറുമീറ്റർ അകലെയുള‌ള റോഡിലെത്തി.

ഇവിടെ ഹെൽമറ്റ് ധരിച്ച് ഗോപു എത്തി. തുടർന്ന് ഹെൽമറ്റ് മാറ്റാൻ സംഗീത ആവശ്യപ്പെട്ടതോടെ കൈയിൽ കരുതിയ കത്തിയെടുത്ത് സംഗീതയുടെ കഴുത്തറുക്കുകയായിരുന്നു. പ്രാണരക്ഷാർത്ഥം തിരികെ വീട്ടിലേക്ക് ഓടിയെത്തിയ സംഗീത കതകിൽ തട്ടിയപ്പോഴാണ് വീട്ടുകാർ ക്രൂരകൃത്യം അറിഞ്ഞത്. അച്ഛൻ ജനൽ തുറന്ന് നോക്കിയപ്പോൾ സംഗീതയുടെ കൈ കണ്ടു. കതക് തുറന്നതോടെ ചോരയിൽ കുളിച്ച പെൺകുട്ടിയെ വീട്ടുമുറ്റത്ത് കണ്ടു. ഇതിനിടെ ആക്രമണം നടത്തിയ ശേഷം ഉടനെ ഗോപു സ്‌കൂട്ടറിൽ രക്ഷപ്പെട്ടു. ആക്രമണത്തിനുപയോഗിച്ച കത്തിയും സംഗീതയുടെ മൊബൈലും അടുത്തുള‌ള പറമ്പിലേക്ക് പ്രതി ഇട്ടിരുന്നു. ഇത് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് പ്രതി ഗോപുവാണെന്ന് തെളിഞ്ഞത്. വീട്ടിലേക്കുള‌ള വഴിയിൽ ഇലക്‌ട്രിക് പോസ്‌റ്റിൽ ചോരയൊലിക്കുന്ന കൈപ്പാടും പൊലീസ് കണ്ടെത്തി. ചോദ്യംചെയ്യലിൽ കുറ്റംസമ്മതിച്ച ഗോപു ഇപ്പോൾ പൊലീസ് കസ്‌റ്റഡിയിൽ തുടരുകയാണ്.