
കൊച്ചി : മുറുക്കാൻ കടകളുടെ മറവിൽ കഞ്ചാവ് മിഠായി വിൽക്കുന്ന എന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് കഞ്ചാവ് മിഠായിയുടെ വൻശേഖരം. സംഭവത്തിൽ അസം സ്വദേശി സദാം, ഉത്തർപ്രദേശ് സ്വദേശി വികാസ് എന്നിവരെ പൊലീസ് പിടികൂടി.
ബാനർജി റോഡിൽ മുറുക്കാൻ കട നടത്തിയവരിൽ നിന്നാണ് കഞ്ചാവ് മിഠായിയുടെ പാക്കറ്റ് കണ്ടെത്തിയത്. ഇത്തരത്തിലുള്ള 30 പായ്ക്കറ്റുകളാണ് ലഭിച്ചത്. ഉത്തർപ്രദേശിൽ നിന്നെത്തിച്ചതാണ് പാക്കറ്റുകൾ. മിഠായി രൂപത്തിൽ കവറുകളിലാക്കിയായിരുന്നു വില്പന. നൂറുഗ്രാമിൽ 14 ശതമാനം കഞ്ചാവ് അടങ്ങിയിട്ടുണ്ട് എന്നാണ് പായ്ക്കറ്റിൽ പറയുന്നത്.
മുറുക്കാൻ കടയുടെ മറവിലായിരുന്നു കഞ്ചാവ് മിഠായി വില്പന നടന്നിരുന്നത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളായിരുന്നു വില്പന സംഘത്തിന്റെ ലക്ഷ്യം. ഒരു മിഠായിക്ക് പത്തുരൂപയാണ് ഈടാക്കിയിരുന്നത്.