
തിരുവനന്തപുരം: സർവേനമ്പർ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച പുതിയ ബഫർസോൺ ഭൂപടത്തിലും പിഴവുകൾ എന്ന് പരാതി. പാലക്കാട് പറമ്പിക്കുളത്ത് ഒരേ സർവേ നമ്പരിലുള്ള ഭൂമി ബഫർസോണിന് അകത്തും പുറത്തും രേഖപ്പെടുത്തിയതായി പരാതി ഉയർന്നു. 570 ആണ് സർവേ നമ്പർ. സൈലന്റ്‌വാലിക്ക് പകരം തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പടം നൽകി എന്നും പരാതി ഉയർന്നിരുന്നു. എന്നാൽ പരാതി ശ്രദ്ധയിൽപ്പെട്ടയുടൻ സൈലന്റ്‌വാലിയുടെ കൃത്യമായ ഭൂപടം അപ്‌ഡേറ്റ് ചെയ്തു.
ബഫർസോൺ ഭൂപടത്തിൽ നിന്ന് മണ്ണാർക്കാട് നഗരസഭയെ ഒഴിവാക്കിയതായും ആക്ഷേപമുണ്ട്.
ഇന്ന് വൈകിട്ടാണ് സർവേ നമ്പർ ചേർത്ത പുതിയ ബഫർസോൺ ഭൂപടം വനംവകുപ്പ് പ്രസിദ്ധീകരിച്ചത്. ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള ഭൂപടമാണ് പ്രസിദ്ധീകരിച്ചതെന്നാണ് അധികൃതർ അറിയിച്ചത്. ഭൂപടത്തിൽ അവ്യക്തതയോ പിഴവുകളോ കണ്ടെത്തുകയാണെങ്കിൽ അടുത്ത മാസം ഏഴിനുള്ളിൽ പരാതി നൽകാനുള്ള സൗകര്യവും എർപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെയാണ് കരട് ഭൂപടം പുറത്തിറക്കിയത്. ഇതിൽ അപാകതകൾ ഉണ്ടെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടിയിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലാണ് സർവേ നമ്പർ ചേർത്ത ഭൂപടം പ്രസിദ്ധീകരിച്ചത്.