virus

മോസ്കോ : വൂളി മാമത്ത് എന്ന് കേൾക്കുമ്പോൾ എന്താണ് മനസിലേക്ക് ഓടിയെത്തുക ? കൂറ്റൻ കൊമ്പുകളും നീളമേറിയ രോമങ്ങളും നിറഞ്ഞ ആനയോട് സാദൃശ്യമുള്ള ഭീമൻ മൃഗം. ഒരുകാലത്ത് ഇവ ഭൂമുഖത്ത് സ്വതന്ത്രമായി ചുറ്റിത്തിരിഞ്ഞിരുന്നു. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുന്നേയാണ് വൂളി മാമത്തുകൾ ലോകത്ത് ഇങ്ങനെ നടന്നത്. പിന്നീട് ഇവ ലോകത്ത് നിന്ന് അപ്രത്യക്ഷമായി.

ഇന്ന് റഷ്യയിലെ സൈബീരിയൻ പെർമാഫ്രോസ്റ്റിൽ നിന്നും മറ്റും വൂളി മാമത്തുകളുടെ ഫോസിലുകൾ ശാസ്ത്രലോകത്തിന് ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ വൂളി മാമത്തുകൾക്കൊപ്പം മണ്ണിനടിയിൽ ഉറങ്ങുന്ന പുരാതന വൈറസുകളെ ഉണർത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. വടക്ക് കിഴക്കൻ സൈബീരിയയാണ് ഗവേഷണങ്ങളുടെ കേന്ദ്രബിന്ദു. വൂളി മാമത്തുകൾക്ക് പുറമേ മൺമറഞ്ഞ നിരവധി ജീവികളുടെ ഫോസിലുകൾ ഇവിടെയുണ്ട്.

നിർജീവമാക്കപ്പെട്ട നിരവധി വൈറസുകളും ഈ ഫോസിലുകളിലുണ്ട്. ഇവയിലേക്കാണ് ഇപ്പോൾ ശാസ്ത്രലോകം കണ്ണോടിക്കുന്നത്. റഷ്യയിലെ ഏറ്റവും പ്രശസ്തമായ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടാണ് ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്നത്. വൂളി മാമത്തുകളെ അടക്കം കൊന്ന പുരാതന വൈറസുകളടങ്ങിയ സെല്ലുലാർ മെറ്റീരിയലുകൾ ഫോസിലുകളിൽ നിന്ന് വേർതിരിച്ചെടുത്ത് ലബോറട്ടറിയിൽ പഠന വിധേയമാക്കാനാണ് വെക്ടറിലെ ഗവേഷകരുടെ ലക്ഷ്യം. എന്നാൽ ഇന്നത്തെ മനുഷ്യശരീരത്തിന് ഈ പുരാതന വൈറസുകൾ തീർത്തും അപരിചിതമാണ്. അതുകൊണ്ട് തന്നെ ഇവ മനുഷ്യരോട് എങ്ങനെ പ്രതികരിക്കുമെന്ന് അജ്ഞാതമാണ്.

ഒരുപക്ഷേ, ഉറങ്ങിക്കിടക്കുന്ന ഈ ഭീകരർ ഉണർന്നാൽ കൊവിഡിനേക്കാൾ ഭയാനകമായ മറ്റൊരു മഹാമാരി ആവർത്തിക്കുമോ എന്ന് പോലും ചിലർ ഭയപ്പെടുന്നു. ശക്തിയിലും വലിപ്പത്തിലും മനുഷ്യനേക്കാൾ ഏറെ മുന്നിലുള്ള വൂളി മാമത്തുകളെ കൊല്ലാൻ ശേഷിയുള്ളവയാണെങ്കിൽ തീർച്ചയായും അത്തരം വൈറസുകൾ ആശങ്കയ്ക്ക് കാരണമാണെന്നതിൽ സംശയമില്ല. ശാസ്ത്രലോകത്ത് നിന്നും ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

ഗവേഷണം ഭയാനകമാണെന്നും ഇതിനോട് താൻ എതിരാണെന്നും ഫ്രാൻസിലെ എക്സ് - മാർസെയ് യൂണിവേഴ്സിറ്റിയിലെ മൈക്രോബയോളജി പ്രൊഫസർ ഷോൺ - മൈക്കൽ ക്ലെവെറീ പറയുന്നു. 200,000 മുതൽ 400,000 വർഷങ്ങൾ പഴക്കമുള്ള വൈറസുകൾ ഇക്കൂട്ടത്തിലുണ്ടാകാമെന്നും ഇവയിൽ ചിലതിന് ഇപ്പോഴും മനുഷ്യനെയോ മൃഗങ്ങളെയോ ബാധിക്കാൻ ശേഷിയുണ്ടാകാമെന്നും അദ്ദേഹം പറയുന്നു. ഈ ഗവേഷണം വളരെയധികം അപകടം നിറഞ്ഞതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

പക്ഷേ, വെക്ടറിലെ ഗവേഷകർ ഈ വൈറസുകളെ പഠനവിധേയമാക്കിയാലും ഇല്ലെങ്കിലും ആഗോളതാപന ഫലമായി ആർട്ടിക്കിലെ മഞ്ഞും പെർമാഫ്രോസ്റ്റും ഉരുകുന്നത് ഇത്തരം വൈറസുകൾ പുറത്തെത്താൻ കാരണമാകാമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത്തരം വൈറസുകൾ ഇതുവരെ കാര്യമായ ഭീഷണി ഉയർത്തിയിട്ടില്ലെങ്കിലും ഭാവിയിൽ അതിനുള്ള സാദ്ധ്യത പാടേ തള്ളാനാകില്ല. അതിനാൽ ഈ വൈറസുകളെ പഠനവിധേയമാക്കേണ്ടതും ആവശ്യമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

 വൈറസുകളുടെ കലവറ !

വടക്കൻ റഷ്യയിലെ സൈബീരിയയിൽ നൂറുകണക്കിന് വർഷങ്ങളായി തണുത്തുറഞ്ഞ് കിടക്കുന്നതും പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെ ഊഷ്മാവിൽ സ്ഥിതി ചെയ്യുന്നതുമായ മണ്ണാണ് 'പെർമാഫ്രോസ്റ്റ്' എന്നറിയപ്പെടുന്നത്. മണ്ണും മഞ്ഞും ഇടകലർന്ന മേഖലകളാണ് പെർമാഫ്രോസ്റ്റുകൾ. പ്രാചീന ശിലായുഗത്തിൽ ജീവിച്ചിരുന്ന മാമത്തുകൾ ഉൾപ്പെടെ നിരവധി ജീവികളുടെ അവശിഷ്ടങ്ങളാണ് പെർമാഫ്രോസ്റ്റിൽ കുടുങ്ങിക്കിടക്കുന്നത്.

പെർമാഫ്രോസ്റ്റിലെ മഞ്ഞിൽ നിന്ന് ശേഖരിച്ച അഞ്ച് വ്യത്യസ്ത ഗ്രൂപ്പുകളിൽപ്പെടുന്ന 13 വൈറസുകളെ തിരിച്ചറിഞ്ഞ് പുനരുജ്ജീവിപ്പിച്ചെന്ന് ശാസ്ത്രലോകം കഴിഞ്ഞമാസം അറിയിച്ചിരുന്നു. 48,500 വർഷം പഴക്കമുള്ള ഒരു വൈറസിനെയും ഗവേഷക‌ർ പുനരുജ്ജീവിപ്പിക്കുകയുണ്ടായി. ഇതുവരെ ശാസ്ത്രലോകത്തിന് തിരിച്ചെത്തിക്കാനായ ഏറ്റവും പഴക്കംചെന്ന വൈറസാണിതെന്ന് കരുതുന്നു.

15,000 വർഷം പഴക്കമുള്ള ചൈനയിലെ ടിബറ്റൻ പീഠഭൂമി മേഖലയിലെ പടിഞ്ഞാറൻ കുൻലുൻ ഷാൻ പ്രദേശത്തെ ഗുലിയ മഞ്ഞുപാളികളിൽ കഴിഞ്ഞ വർഷം ഇതുവരെ ലോകത്തിന് അജ്ഞാതമായ 28 എണ്ണം ഉൾപ്പെടെ 33 വൈറസുകളെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷക സംഘം കണ്ടെത്തിയിരുന്നു.

 വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട്

സൈബീരിയയ്ക്ക് അടുത്തുള്ള നോവോസിബിർസ്കിലെ കോൽട്സോവോയിലാണ് 'സ്‌റ്റേറ്റ് റിസർച്ച് സെന്റർ ഒഫ് വൈറോളജി ആൻഡ് ബയോടെക്നോളജി വെക്ടർ ' എന്ന വെക്ടർ ഇൻസ്‌റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്. അതീവ സുരക്ഷാ വലയത്തിൽ പ്രവർത്തിക്കുന്ന വെക്ടർ ഒരിക്കൽ സോവിയറ്റ് യൂണിയന്റെ ജൈവായുധ പദ്ധതിയുടെ ഭാഗമായിരുന്നു.

വസൂരി, മാർബർഗ് തുടങ്ങിയ മാരക വൈറസുകളെ ഇവിടെ വികസിപ്പിച്ചിട്ടുണ്ട്. പല മാരക രോഗത്തിനും ഹേതുവായ വൈറസുകളെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. 1974ൽ പ്രവർത്തനമാരംഭിച്ച ഈ ലാബ് ജൈവായുധങ്ങൾ നിർമിക്കാൻ വേണ്ടിയാണ് സോവിയറ്റ് യൂണിയൻ നിർമിച്ചതെന്നാണ് പൊതുവെ പറയപ്പെടുന്നത്.

നിലവിൽ വിവിധ രോഗങ്ങൾക്കുള്ള വാക്സിനുകൾ വികസിപ്പിക്കുന്നതിന്റെ തിരക്കിലാണ് വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട്. റഷ്യയുടെ എപിവാക് കൊറോണ എന്ന കൊവിഡ് വാക്സിൻ വെക്ടറിൽ വികസിപ്പിച്ചതാണ്. വസൂരി വൈറസുകളെ സൂക്ഷിച്ചിരിക്കുന്ന ലോകത്തെ രണ്ട് ലാബുകളിൽ ഒന്നാണ് വെക്ടർ. മറ്റൊന്ന് അമേരിക്കയിലെ അറ്റ്ലാൻഡയിലുള്ള സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷനാണ്.