pfi

തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ (പി എഫ് ഐ) മുൻ ഭാരവാഹികളുടെ വീടുകളിൽ എൻ ഐ എയുടെ വ്യാപക റെയ്ഡ്. സംസ്ഥാനവ്യാപകമായി 56 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. സംഘടനയുടെ രണ്ടാം നിര നേതാക്കൾ, പ്രവർത്തകർക്ക് പരിശീലനം നൽകിയവർ,സാമ്പത്തിക സഹായം നൽകിയവർ എന്നിവരുടെ വീടുകളിലാണ് പരിശോധന. എൻ ഐ എയുടെ ഡൽഹിയിൽ നിന്നുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. പി എഫ് ഐ നിരോധനത്തിന്റെ തുടർച്ചയാണ് പുലർച്ചെ ആരംഭിച്ച റെയ്ഡ്. പി എഫ് ഐ നിരോധിച്ചെങ്കിലും രഹസ്യമായി സംഘടനയുടെ പ്രവർത്തനം നടക്കുന്നു എന്ന് രഹസ്വാന്വേഷണ ഉദ്യാേഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പരിശോധന എന്നാണ് റിപ്പോർട്ട്.

എറണാകുളം റൂറലിലാണ് കൂടുതൽ റെയ്ഡ് നടക്കുന്നത്. ഇവിടെ 12 കേന്ദ്രങ്ങളിലാണ് പരിശോധന. തിരുവനന്തപുരം ജില്ലയിൽ തോന്നയ്ക്കൽ, നെടുമങ്ങാട്, പള്ളിക്കൽ എന്നീ മൂന്നു സ്ഥലങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. പി എഫ് ഐ പ്രവർത്തകൻ തോന്നയ്ക്കൽ നവാസിന്റെ വീട്ടിൽ റെയ്ഡ് നടക്കുകയാണ്. പത്തനംതിട്ടയിൽ പി എഫ് ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ്‌ റാഷിദിന്റെ വീട്ടിൽ പരിശോധന നടക്കുന്നു. സംസ്ഥാന കമ്മിറ്റി അംഗം ആയിരുന്ന നിസാറിന്റെ വീട്ടിലും റെയ്ഡുണ്ട്.

മൂവാറ്റുപുഴയിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും പരിശോധന പുരോഗമിക്കുകയാണ്. പി എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി തമർ അഷ്‌റഫിന്റെ വീട്ടിലും റെയ്ഡുണ്ട്. കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കേന്ദ്രങ്ങളിലും റെയ്ഡ് പുരാേഗമിക്കുകയാണ്.

റെയ്ഡിനെതിരെ ഒരിടത്തും പ്രതിഷേധങ്ങൾ ഉണ്ടായിട്ടില്ല. നേരത്തേ പോപ്പുലർ ഫ്രണ്ട് നിരോധിക്കുന്നതിനുമുമ്പ് നടത്തിയ റെയ്ഡിൽ വ്യാപക പ്രതിഷേധമാണ് ഉണ്ടായിരുന്നത്. പരിശോധനയിൽ ആരെയെങ്കിലും അറസ്റ്റുചെയ്തോ, എന്തെങ്കിലും രേഖകൾ പിടിച്ചെടുത്തോ എന്ന് വ്യക്തമല്ല.