rahul-gandhi

ന്യൂഡൽഹി: എങ്ങനെയുള്ള ജീവിത പങ്കാളിയെയാണ് താൻ ആഗ്രഹിക്കുന്നതെന്ന് വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമ്മ സോണിയ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിര ഗാന്ധിയുടെയും ഗുണങ്ങൾ ഇടകലർന്ന ജീവിതപങ്കാളിയെയാണ് ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.


ഭാരത് ജോഡോ യാത്രയ്‌‌ക്കിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഗാന്ധി തന്റെ സങ്കൽപങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. സ്‌നേഹസ്വരൂപയായ മുത്തശ്ശി ഇന്ദിര ഗാന്ധിയെ തന്റെ രണ്ടാമത്തെ അമ്മയായിട്ടാണ് കാണുന്നതെന്ന് അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞിരുന്നു.

തുടർന്ന് ഇന്ദിര ഗാന്ധിയുടെ ഗുണങ്ങളുള്ള വനിതയെയാണോ വിവാഹം ചെയ്യാൻ താത്പര്യമെന്ന് അവതാരകൻ ചോദിച്ചു. 'അതൊരു രസകരമായ ചോദ്യമാണ്... അവർക്ക് ഒരുപാട് ഗുണങ്ങളുണ്ട്. പക്ഷേ, അതിനിടയിൽ ഒരു മിശ്രിതമുണ്ട്. എന്റെ അമ്മയുടെയും അമ്മൂമ്മയുടെയും ഗുണങ്ങൾ ജീവിതപങ്കാളിക്ക് വേണമെന്നാണ് ആഗ്രഹം'- രാഹുൽ ഗാന്ധി വ്യക്തമാക്കി. ആദ്യമായിട്ടാണ് ജീവിതപങ്കാളിയെക്കുറിച്ചുള്ള സങ്കൽപങ്ങൾ അദ്ദേഹം പങ്കുവയ്ക്കുന്നത്.

സൈക്കിളുകളും, മോട്ടോർ സൈക്കിളുകളും ഓടിക്കാനുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ വാചാലനായി. 'ഞാൻ ഇലക്ട്രിക് സ്‌കൂട്ടർ ഓടിച്ചിട്ടുണ്ട്, പക്ഷേ ഒരിക്കലും ഇലക്ട്രിക് ബൈക്ക് ഓടിച്ചിട്ടില്ല. കാറിലും ബൈക്കിലും സഞ്ചരിക്കുന്നതിനേക്കാൾ ഇഷ്ടം സ്വന്തം ഊർജം കൊണ്ട് സൈക്കിൾ ചവിട്ടി സഞ്ചരിക്കുന്നതാണ്. മുന്തിയ സ്‌പോർട്സ് ബൈക്കിനെക്കാൾ സൗന്ദര്യം ഒരു പഴയ ലാംബ്രട്ടയിൽ കാണുന്ന വ്യക്തിയാണ് ഞാൻ. '- രാഹുൽ ഗാന്ധി വ്യക്തമാക്കി. തനിക്ക് സ്വന്തമായി ഒരു കാർ ഇല്ലെന്നും അമ്മയ്‌ക്ക് ഒരു സിആർ-വി ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പപ്പു എന്ന് എതിരാളികൾ വിളിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'ഞാൻ കാര്യമാക്കുന്നില്ല. നിങ്ങൾ എന്ത് പറഞ്ഞാലും അതിൽ കാര്യമില്ല. ഞാൻ ആരെയും വെറുക്കുന്നില്ല. നിങ്ങൾ എന്നെ അധിക്ഷേപിക്കുകയോ തല്ലുകയോ ചെയ്യുക, ഞാൻ നിങ്ങളെ വെറുക്കില്ല. മിണ്ടാപ്പാവ എന്ന് എതിരാളികൾ പരിഹസിച്ച ഇന്ദിരാ ഗാന്ധിയാണ് ഉരുക്കുവനിതയായത്. പപ്പുവെന്നല്ല, എന്ത് പേരുമായി വന്നാലും എനിക്ക് പ്രശ്നമില്ല.'- രാഹുൽ വ്യക്തമാക്കി.