
ഹൗറ: ജാർഖണ്ഡ് നടി റിയാകുമാരിയുടെ മരണത്തിൽ ഭർത്താവും സിനിമ നിർമ്മാതാവുമായ പ്രകാശ് കുമാർ അറസ്റ്റിൽ. കവർച്ചാശ്രമം തടയുന്നതിനിടെ റിയ വെടിയേറ്റുമരിച്ചുവെന്നായിരുന്നു വാർത്തകൾ പുറത്തുവന്നത്. പ്രകാശ് കുമാർ മാത്രമായിരുന്നു സംഭവത്തിലെ ദൃക്‌സാക്ഷി. ഇയാളുടെ മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്.
റിയയും പ്രകാശ് കുമാറും മകളും കൊൽക്കത്തയിലേയ്ക്കുള്ള യാത്രയ്‌ക്കിടെ അക്രമിക്കപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ ആറിന് പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലായിരുന്നു സംഭവം. ഇവർ സഞ്ചരിച്ച കാർ ബഗ്‌നാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹിശ്രേഖയ്ക്ക് സമീപം മൂന്നംഗസംഘം ആക്രമിക്കുകയായിരുന്നു. അക്രമികളുടെ മർദ്ദനത്തിനിരയായ പ്രകാശ് കുമാറിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ റിയയ്‌ക്ക് വെടിയേറ്റൽക്കുകയായിരുന്നെന്നാണ് വാദം. പിന്നാലെ ആക്രമികൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് സഹായം തേടി മൂന്ന് കിലോമീറ്ററോളം പ്രകാശ് സഞ്ചരിച്ചു. ശേഷം നാട്ടുകാരുടെ സഹായത്തോടെ റിയാകുമാരിയെ ഉലുബേരിയയിലെ എസ്.സി.സി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, ഫോറസിക് വിദഗ്ദർ നടത്തിയ പരിശോധനയിൽ കാറിന്റെ പിൻസീറ്റിലായി സാധാരണയിലധികം അളവിൽ രക്തവും ബുള്ളറ്റ് ഷെല്ലിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രകാശ് കുമാറിനെ അറസ്റ്റ് ചെയ്തത്. മകൾ കൊല്ലപ്പെട്ടതാണെന്ന് കാണിച്ച് റിയയുടെ മാതാപിതാക്കളും പൊലീസിൽ പരാതി നൽകിയിരുന്നു. റിയ പ്രകാശിനേക്കാൾ കൂടുതൽ സമ്പാദിക്കുന്നതിനെച്ചൊല്ലിയും കൂടുതൽ പ്രശസ്തയാണെന്നതിന്റെ പേരിലും ഭർത്താവിൽ നിന്ന് ശാരീരിക- മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങിയിരുന്നതായി കുടുംബം ആരോപിക്കുന്നു. പ്രകാശിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.