ammukutty

തൃശൂർ: തൊഴിലുറപ്പ് പണിയുടെ ക്ഷീണമകലും മുമ്പ് അറുപത്തൊന്നുകാരി അമ്മുക്കുട്ടി ഓടും, സുമ ടീച്ചറുടെ ഡാൻസ് ക്‌ളാസിലേക്ക്. അഞ്ചര വർഷമായി ഞായറാഴ്ചകളിൽ മൂന്ന് മണിക്കൂർ നൃത്ത പഠനം.

മുടങ്ങാതെ പങ്കെടുത്ത് ഭരതനാട്യം പഠിച്ചു കഴിഞ്ഞപ്പോൾ അരങ്ങേറ്റം നടത്തണമെന്നായി മോഹം. ആ മോഹവും ഇന്നലെ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സഫലമായി. ഒപ്പം മുപ്പത്തേഴുകാരിയായ മകൾ ശാരികയും ശാരികയുടെ മകൾ പ്‌ളസ് വൺ വിദ്യാർത്ഥി ആര്യയും പങ്കെടുത്തപ്പോൾ വേദി മൂന്ന് തലമുറകളുടെ നൃത്തസംഗമ വേദിയുമായി.

ചേലക്കര കിള്ളിമംഗലം പളുങ്കിൽ ശിവനാരായണപുരം ക്ഷേത്രത്തിന് സമീപം ഊരമ്പത്ത് വീട്ടിൽ അമ്മുക്കുട്ടി കുട്ടിക്കാലത്ത്, നാട്ടിലെ ക്‌ളബ്ബിന്റെ നൃത്തപരിപാടിയിൽ പങ്കെടുത്തിരുന്നു. പതിനഞ്ച് വയസ് മുതൽ കിള്ളിമംഗലം കിഴക്കേപ്പാട്ട് വാരിയത്തെ കലാമണ്ഡലം മാധവിക്കുട്ടി വാരസ്യാരുടെ കീഴിൽ തിരുവാതിരക്കളി പഠനവും തുടർന്നുവരുന്നു. കൊവിഡ് കാലത്തും തിരുവാതിര കളിക്കാൻ കിട്ടിയ അവസരം പാഴാക്കിയില്ല. എല്ലാ വർഷവും ഗുരുവായൂർ ഉത്സവത്തിനും കളിക്കാറുണ്ട്.

ബന്ധു കൂടിയായ സുമ നൃത്തവിദ്യാലയം നടത്തുന്നതിനാൽ ഭരതനാട്യം പഠിക്കാൻ തോന്നി. അമ്മുക്കുട്ടിയുടെ താത്പര്യത്തിന് മുമ്പിൽ പ്രായം പ്രശ്‌നമായില്ല. ലോക്ക്ഡൗൺ കാലത്ത് അല്പം മുടങ്ങിയ പരിശീലനത്തിന്റെ കുറവ് പിന്നീട് നികത്തി. ഭർത്താവ് നാരായണൻ നായരും പിന്തുണച്ചു.

വെറുതെയിരിക്കാൻ വയ്യാത്തതുകൊണ്ടാണ് തൊഴിലുറപ്പ് പണിക്ക് പോകുന്നതെന്ന് അമ്മുക്കുട്ടി പറയുന്നു. വീട്ടിലെ കൃഷിപ്പണിയിലും സജീവമാണ്. എന്നിരുന്നാവും നൃത്തപഠനം മുടങ്ങാതെ മുന്നോട്ടുകൊണ്ടുപോകാനും ശ്രമിക്കുന്നു. പ്രായത്തിന്റേതായ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായെങ്കിലും താത്പര്യവും കഠിന പ്രയത്‌നവും അമ്മുക്കുട്ടിയെ അരങ്ങേറ്റത്തിലെത്തിച്ചുവെന്ന് നൃത്താദ്ധ്യാപിക സുമ പറഞ്ഞു.