rahul-gandhi

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ ഡൽഹി പര്യടനത്തിനിടെ രാഹുൽ ഗാന്ധി പലതവണ സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് സി ആർ പി എഫ്. ഭാരത് ജോഡോ യാത്രയ്ക്കും രാഹുൽ ഗാന്ധിയ്ക്കും സുരക്ഷ ഒരുക്കുന്നതിൽ വീഴ്ചയുണ്ടായെന്ന കോൺഗ്രസിന്റെ ആരോപണത്തിൽ മറുപടി നൽകുകയായിരുന്നു സി ആർ പി എഫ്. 2020ന് ശേഷം 113 തവണ രാഹുൽ സുരക്ഷാനിർദേശങ്ങൾ ലംഘിച്ചുവെന്നും സേന ചൂണ്ടിക്കാട്ടി.

ഡിസംബർ 24ന് നടന്ന ഭാരത് ജോഡോ യാത്രയിൽ രാഹുലിന് സുരക്ഷ ഉറപ്പാക്കുന്നതിൽ ഡൽഹി പൊലീസ് പൂർണമായും പരാജയപ്പെട്ടെന്ന് ആരോപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. ഡൽഹിയിൽ പ്രവേശിച്ചതുമുതൽ യാത്രയുടെ സുരക്ഷയിൽ നിരവധി തവണ വീഴ്ചകളുണ്ടായി. ഇസെഡ് പ്ളസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ള രാഹുൽ ഗാന്ധിയ്ക്ക് മതിയായ സംരക്ഷണം ഒരുക്കുന്നതിലും തിരക്ക് നിയന്ത്രിക്കുന്നതിലും പൊലീസ് പൂർണമായും പരാജയപ്പെട്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ സി ആർ പി എഫ് പ്രതികരിച്ചത്.

സംസ്ഥാന പൊലീസും മറ്റ് ഏജൻസികളും ചേർന്നാണ് രാഹുൽ ഗാന്ധിയ്ക്ക് സുരക്ഷ ഒരുക്കുന്നത്. ഡിസംബർ 24ലെ പര്യടനത്തിന് മുന്നോടിയായി രണ്ട് ദിവസം മുൻപുതന്നെ സുരക്ഷാ ഏജൻസികൾ യോഗം ചേർന്നിരുന്നു. യാത്ര നടന്ന ദിവസം എല്ലാ സുരക്ഷാമാർഗനിർദേശങ്ങളും കൃത്യമായി പാലിച്ചിരുന്നു. ആവശ്യത്തിന് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നതായി ഡൽഹി പൊലീസ് അറിയിച്ചിരുന്നതായും സി ആർ പി എഫ് പ്രതികരിച്ചു.