അന്താരാഷ്ട്ര ചെറുധാന്യ വർഷമാണ് 2023 ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതിനായുള്ള നിർദ്ദേശം
ഐക്യരാഷ്ട്ര സംഘടനയ്ക്ക് സമർപ്പിച്ചത്.70 ഓളം ലോക രാജ്യങ്ങളാണ് ഈ നിർദ്ദേശത്തെ പിന്തുണച്ചത്.

2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായാണ് (ഇന്റർനാഷണൽ ഇയർ ഓഫ് മില്ലെറ്റ്സ്) ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതിനായുള്ള നിർദ്ദേശം 2021 ൽ ഐക്യരാഷ്ട്ര സംഘടനയ്ക്ക് സമർപ്പിച്ചത്. 70 ഓളം ലോക രാജ്യങ്ങളാണ് ഈ നിർദ്ദേശത്തെ പിന്തുണച്ചത്. ലോകത്താകമാനം ഭക്ഷ്യസുരക്ഷാ ഭീഷണി നിലനിൽക്കുമ്പോൾ ചെറുധാന്യങ്ങളുടെ ഉല്പാദനം വർദ്ധിപ്പിക്കുന്നതിന് ഏറെ പ്രസക്തിയുണ്ട്. റോമിലെ യു എൻ ഭക്ഷ്യകർഷിക സംഘടനാ ആസ്ഥാനത്തു നടന്ന പ്രഖ്യാപനച്ചടങ്ങിൽ കേന്ദ്രമന്ത്രി ശോഭ കരണ്ട്ലജേയാണ് പ്രധാനമന്ത്രിയുടെ സന്ദേശം വായിച്ചത്.
ചെറുധാന്യങ്ങൾ മനുഷ്യന്റെ പരിണാമം മുതൽ പരമ്പരാഗതമായി വളർത്തിയിരുന്ന വിളകളാണ്. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുവാനും, കൂടുതൽ രോഗപ്രതിരോധശേഷി ഉറപ്പുവരുത്താനും ഇവ ഉപകരിക്കും. ഏഷ്യൻ രാജ്യങ്ങളിൽ കൃഷി ചെയ്യുന്ന ചെറുധാന്യങ്ങളിൽ 80 ശതമാനവും ഇന്ത്യയിലാണ്. ആഗോള തലത്തിൽ ഇന്ത്യ ചെറുധാന്യ കൃഷിയിൽ മുൻനിരയിലാണ്. 170 ലക്ഷം ടണ്ണാണ് വാർഷിക ഉത്പാദനം. ഏഷ്യ, ആഫ്രിക്കൻ രാജ്യങ്ങളിലെ 60 കോടി ജനങ്ങളുടെ പരമ്പരാഗത ഭക്ഷണത്തിൽ ചെറുധാന്യങ്ങൾ ഉൾപ്പെടുന്നു. 131 ഓളം രാജ്യങ്ങളിൽ ചെറുധാന്യ കൃഷി നിലവിലുണ്ട്.
അന്താരാഷ്ട്ര ചെറുധാന്യ വർഷമായി 2023 ആചരിക്കുന്നതിലൂടെ കേന്ദ്ര ഗവണ്മെന്റ് ലക്ഷ്യമിടുന്നത് ആഗോള തലത്തിൽ ചെറുധാന്യങ്ങളുടെ ഉത്പാദനം, സംസ്കരണം, ഉപഭോഗം എന്നിവയുടെ പ്രോത്സാഹനമാണ്. വിള പരിവർത്തനരീതിയിൽ ഇവയുടെ ഉത്പാദനം ഉൾപ്പെടുത്തുന്നതിലും ഊന്നൽ നൽകാനുള്ള സാദ്ധ്യതകൾ പ്രയോജനപ്പെടുത്തേണ്ടതുമുണ്ട്. ഏറെ പോഷക സമ്പുഷ്ടവും, രോഗപ്രതിരോധ ശേഷി ഉയർത്താൻ സഹായിക്കുന്ന ചെറുധാന്യങ്ങളുടെ ഉത്പാദന വർദ്ധനവിലൂടെ ഭക്ഷ്യ സുരക്ഷാ ഭീഷണി നേരിടുവാനും, സുസ്ഥിര കൃഷി രീതി പ്രാവർത്തികമാക്കാനും സാധിക്കും. കൊവിഡ് പോലുള്ള സാംക്രമിക രോഗങ്ങൾ വർദ്ധിച്ചുവരുന്ന ഇക്കാലത്തു് ഭക്ഷണത്തിലൂടെ കഴിക്കാവുന്ന ഒറ്റമൂലിയാണിത്. രാജ്യത്താകമാനം പ്രമേഹ, ഭക്ഷ്യജന്യ രോഗങ്ങൾ വർദ്ധിച്ചു വരുമ്പോൾ ചെറുധാന്യങ്ങൾ രോഗ നിയന്ത്രണത്തിന് ഏറെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഭാവിയിൽ ഏറെ സാദ്ധ്യതയുള്ള ചെറുധാന്യകൃഷി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഉപഭോക്താവിനും, കർഷകനും ഗുണകരമാകുന്ന കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള സുസ്ഥിര വിളയാണിത്.
ചെറുധാന്യങ്ങൾ നിരവധിയുണ്ട്. ചാമയരി, തെന, റാഗി, ജോവർ തുടങ്ങി 10 ഓളം മില്ലെറ്റുകളുണ്ട്. Finger millet, fox tail millet, sorghum, kodomillet, pearl millet, buck wheat, amaranth, little millet, barnyard millet, broom com millet എന്നിവ ഇവയിൽ പെടും. ബി വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ് , പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക് എന്നിവ ഇവയിൽ കൂടുതലാണ്. ഗ്ളുട്ടൻ ഇല്ലാത്ത ഇവയിൽ ഗ്ലൈസിമിക് സൂചിക കുറവാണ്. അതിനാൽ പ്രമേഹ രോഗികൾക്ക് ഏറെ ഫലപ്രദമാണ്.
കേരളത്തിൽ അട്ടപ്പാടി മേഖലയിലും, പാലക്കാട്, വയനാട് ജില്ലകളിലും ചെറുധാന്യകൃഷി നിലവിലുണ്ട്.ഭാവിയുടെ വരദാനമായ ചെറുധാന്യ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഭക്ഷ്യ സുരക്ഷ, ആരോഗ്യ, സംരംഭകത്വ, തൊഴിൽ മേഖലകളിൽ ഏറെ സാദ്ധ്യതകളാണ് രാജ്യം കൈവരിക്കാൻ പോകുന്നത്.
(പ്രൊഫസർ, ട്രാൻസ് ഡിസിപ്ലിനറി യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസ് & ടെക്നോളജി, ബെംഗളൂരു)
മില്ലെറ്റുകളെന്നാൽ
ചെറു ധാന്യങ്ങൾ
ഡോ.സി.ആർ.എൽസി
മില്ലെറ്റുകൾ, മലയാളത്തിൽ ചെറുധാന്യങ്ങൾ എന്ന് അറിയപ്പെടുന്നു. നെല്ലും ചോളവും ഉൾപ്പെടുന്ന പുല്ലുവർഗ്ഗത്തിൽ തന്നെയാണ് മില്ലെറ്റുകൾ ഉൾപ്പെടുന്നതു്. സൂപ്പർ ഫുഡ് എന്ന് ലോകമെമ്പാടും അറിയപ്പെടുന്നെ ചെറു ധാന്യങ്ങൾ കഴിക്കുന്നതിൽ കേരളീയർ മറ്റു സംസ്ഥാനക്കാരേക്കാൾ ഏറെ പുറകിലാണ്. കേരളീയർക്ക് ഏറ്റവും പരിചയമുള്ള ചെറു ധാന്യം റാഗിപ്പുല്ല് ആണ്. ഇതിനെ നമ്മൾ പഞ്ഞപ്പുല്ല് അഥവാ മുത്താറി അഥവാ കോറ എന്നും വിളിക്കുന്നു. മണിച്ചോളം (ജോവർ), കമ്പ് (പേൾ മില്ലെറ്റ്),ചാമ (ലിറ്റിൽ മില്ലെറ്റ്), വരഗ് (പ്രോസോ മില്ലെറ്റ്), കൂവരഗ് (കോഡോ മില്ലെറ്റ്), തിന (ഫോക്സ് ടെയിൽ മില്ലെറ്റ്), കുതിരവാലി/കവടപ്പുല്ല് (ബാൺ യാഡ് മില്ലെറ്റ്) എന്നിവയാണ് മറ്റു ചെറു ധാന്യങ്ങൾ. ഇവയെല്ലാം ആരോഗ്യത്തിന് ഏറ്റവും സഹായകമായ നാരുകൾ, മാംസ്യം, മിനറലുകൾ എന്നിവയുടെ കലവറയാണ്. അതുകൊണ്ടു തന്നെയാണ് ജീവിത ൈശലീ രോഗങ്ങൾക്കെതിരെയുള്ള ഭക്ഷണമായി ഇവക്ക് ഇപ്പോൾ ആഗോള തലത്തിൽ പ്രചാരം ഏറി വരുന്നതു്.ചെറു ധാന്യങ്ങൾ കൊണ്ട് കഞ്ഞി, കുറുക്ക്, ദോശ തുടങ്ങിയ ഭക്ഷ്യവിഭവങ്ങൾ ഉണ്ടാക്കാം. കേരളത്തിൽ പാലക്കാട് അട്ടപ്പാടിയിലെയും ഇടുക്കിയിലെയും ഗോത്രവർഗ്ഗക്കാർക്കിടയിൽ ചെറുധാന്യങ്ങളുടെ കൃഷിയുണ്ട്. ചെറു ധാന്യങ്ങളുടെ കൃഷിയെ പ്രോത്സാഹിപ്പിക്കാനായി കൃഷിവകുപ്പ് അട്ടപ്പാടിയിൽ'മില്ലെറ്റ് വില്ലേജ്" എന്ന പദ്ധതി നടപ്പിലാക്കി വരുന്നു.
(കേരള കാർഷിക സർവകലാശാല റിട്ട: പ്രൊഫസറും മുൻ ഐ.പി.ആർ
കോ-ഓർഡിനേറ്ററുമാണ്
പ്രമേഹത്തെ ചെറുക്കാൻ ഗുണകരം
ഡോ. ജ്യോതിദേവ്
ജീവിതശൈലി രോഗമായ പ്രമേഹത്തെ ചെറുക്കാനും അകറ്റി നിർത്താനും ഭക്ഷണക്രമത്തിൽ മില്ലെറ്റ് ഉൾപ്പെടുത്തുന്നത് സഹായകരമാകും. ഗ്ലൂക്കോസിന്റെ അംശം ഏറിയ അരി ആഹാരത്തിനെ അപേക്ഷിച്ച് തവിടോടു കൂടിയ മില്ലെറ്റ് പാകം ചെയ്ത് കഴിക്കുന്നത് പ്രമേഹത്തെ തടയും. ഉച്ച സമയത്ത് അരി ആഹാരം കഴിക്കുമ്പോൾ പലർക്കും ചെറിയ മന്ദത അനുഭവപ്പെടാറുണ്ട്. എന്നാൽ മില്ലെറ്റ് കഴിക്കുന്നത് ഉന്മേഷം നിലനിർത്തും. അതേസമയം പ്രമേഹ രോഗികളുടെ ജീവിത ശൈലി ഏറെ പ്രധാനമാണ്. കൃത്യമായ ഉറക്കം , വ്യായാമം , ശരീരത്തിലെ കൊഴുപ്പ് തുടങ്ങിയവയും ഭക്ഷണക്രമത്തിനൊപ്പം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഇവയ്ക്കെല്ലാം ചിട്ടയുണ്ടായാലെ പ്രമേഹ നിയന്ത്രണം സാധ്യമാകൂ എന്ന് മറക്കരുത്.
(പ്രശസ്ത പ്രമേഹരോഗ ചികിത്സാവിദഗ്ദ്ധനാണ്)
തിരശീലയ്ക്കു പിന്നിലായ വിളകൾ
ശാലിനി പിള്ള. പി
ഹരിത വിപ്ളവ പ്രഭാവത്തിൽ മുന്നേറിയ നെല്ല്, ഗോതമ്പ് എന്നീ ധാന്യവിളകളുടെ തിളക്കത്തിൽ തിരശീലയ്ക്കു പിന്നിലായിപ്പോയ വിളകളാണ് ചെറുധാന്യങ്ങൾ (Millets). എന്നാൽ മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ച് മാറേണ്ട കൃഷിയുടെ ഒരു അവിഭാജ്യഘടകമാണ് ചെറുധാന്യവിളകൾ എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. കാലാവസ്ഥയുമായി പൊരുത്തപ്പെട്ട് ഫലഭുയിഷ്ടിയും ജലലഭ്യതയും കുറഞ്ഞ മണ്ണിൽ വളരുവാനുള്ള കഴിവ് ഇവയെ മറ്റുള്ള വിളകളിൽ നിന്നും വേറിട്ട് നിറുത്തുന്നു. ചെറിയ കാലയളവിനുള്ളിൽ (60 മുതൽ 90 ദിവസം) വളർച്ച പൂർത്തിയാക്കി വിളവു തരാനും ധാന്യങ്ങൾ ഏറെക്കാലം (2 വർഷത്തിലേറെ) കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാനും സാധിക്കും. ഒരേസമയം മനുഷ്യർക്കുള്ള ഭക്ഷ്യവിളയായും കാലികൾക്കുള്ള തീറ്റവിളയായും ഇവ കൃഷിചെയ്യാമെന്നതും ഒരു നേട്ടമാണ്.
കേരളത്തിനെ സംബന്ധിച്ച് ചെറുധാന്യവിളകളിൽ പലതും പുതിയതാണെങ്കിലും ആഗോളതലത്തിൽ വിശേഷിച്ചും വരൾച്ചയും ഭക്ഷ്യക്ഷാമവും നേരിടുന്ന രാജ്യങ്ങളിൽ പുരാതനകാലം മുതൽ ചെറുധാന്യവിളകൃഷി പ്രചാരത്തിലുണ്ട്. ഇന്ത്യയിൽ രാജസ്ഥാൻ, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് ചെറുധാന്യവിളകളുടെ കൃഷിയിലും ഉത്പാദനത്തിലും മുന്നിട്ടുനിൽക്കുന്നത്. എന്നാൽ മഴ കൂടുതൽ ലഭിക്കുന്ന കേരളത്തിൽ വേനൽക്കാല വിളയായി ചെറുധാന്യവിളകൾ കൃഷിചെയ്യാവുന്നതാണ്.
ആരോഗ്യപരിപാലനത്തിലും ചെറുധാന്യവിളകളുടെ പ്രാധാന്യം ഇന്ന് നാം തിരിച്ചറിഞ്ഞിട്ടുണ്ട്. നിത്യേന നാം കഴിക്കുന്ന അരി, ഗോതമ്പ് എന്നിവയെ അപേക്ഷിച്ച് ചെറുധാന്യങ്ങളുടെ കുറഞ്ഞ ഊർജ്ജ മൂല്യവും ഉയർന്ന അളവിലുള്ള മാംസ്യം, കാൽസ്യം, അയൺ തുടങ്ങിയ ധാതുലവണങ്ങൾ, ജീവകങ്ങൾ, ഭക്ഷ്യനാര് എന്നിവ ഈ കുറഞ്ഞ ധാന്യമണികളെ വിശിഷ്ടമാക്കുന്നു. ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം തടയുന്നതിനും കാൻസർ നിയന്ത്രിക്കുന്നതിനും ദഹനശേഷി മെച്ചപ്പെടുത്തുവാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ഇവ ഉപകരിക്കുന്നു.
ഇന്ന് ഏറെ ചർച്ചചെയ്യപ്പെടുന്ന കാർബൺ ന്യൂട്രെൽ കൃഷി സാദ്ധ്യമാക്കുന്നതിനുള്ള ഒരു ഉപാധി കൂടിയാണ് പരിസ്ഥിതി സൗഹൃദം നിലനിറുത്തുന്ന ചെറുധാന്യവിളകൾ. അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്സൈഡ് പ്രകാശസംശ്ളേഷണം വഴി ജൈവവസ്തുക്കളായി മാറ്റുവാനുള്ള കാര്യക്ഷമത ചെറുധാന്യവിളകളിൽ കൂടുതലാണ്. അതിനാൽ തന്നെ ചെറുധാന്യവിളകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിള പരിക്രമം പുറന്തള്ളുന്ന കാർബൺ കുറവായിരിക്കും. പ്രധാന ധാന്യവിളകളെ അപേക്ഷിച്ച് ചെറുധാന്യവിളകളിൽ കീടരോഗ ആക്രമണം വളരെ കുറവായതിനാൽ ജൈവകൃഷിരീതികൾ അവലംബിക്കാൻ യോജിച്ച വിളകളാണിവ.
(വെള്ളായണി കാർഷിക
കോളേജിലെ പ്രൊഫസറും
അഗ്രോണമി വകുപ്പ്
മേധാവിയുമാണ്)

മില്ലെറ്റ്-ഗുണം,ദോഷം
ഡോ.അഭിലാഷ് നായർ
1 ഭക്ഷണ ശേഷം ഷുഗർ കൂടുന്നവർക്ക് അനുയോജ്യമായ ഭക്ഷണമാണിത്. അങ്ങനെ ഷുഗർ നിയന്ത്രിക്കാം.
2 ഗ്ലൂട്ടോ അലർജി കാരണം ഉണ്ടാകുന്ന ഡയേറിയ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം.
3 ഫൈബറിന്റെ അളവ് മില്ലെറ്റിൽ കൂടുതലായതിനാൽ പോഷക സമ്പന്നമാണ്.
4 ഫൈബറിന്റെ അളവ് കൂടുതലുള്ളതിനാൽ ഉദരസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാകും.
5 അരിയാഹാരവും, ഗോതമ്പ് ഭക്ഷണങ്ങളും കഴിക്കുമ്പോൾ ലഭിക്കുന്നതിന് സമാനമായ കലോറിയാണ് മില്ലെറ്റിൽ നിന്നും ലഭിക്കുന്നത്.
ദോഷം
1 വണ്ണം കുറയ്ക്കാൻ മില്ലെറ്റ് സഹായിക്കില്ല, മറ്റുഭക്ഷണങ്ങൾ നിയന്ത്രിക്കുന്നത് പോലെ മില്ലെറ്റും നിയന്ത്രിച്ചാൽ മാത്രമേ വണ്ണം കുറയ്ക്കാൻ സാധിക്കൂ.
2 ചിലവേറിയ ഭക്ഷണമായതിനാൽ സാധാരണക്കാർക്ക് അപ്രാപ്യമാണ്.
(അസോസിയേറ്റ് പ്രൊഫസർ
എൻഡോക്രൈനോളജി
മെഡിക്കൽ കോളേജ്
തിരുവനന്തപുരം