പോയ വർഷമിറങ്ങിയ ചിത്രങ്ങളിൽഏറ്റവും ഇഷ്ടമായ ഗാനങ്ങളെ കുറിച്ച്
പ്രമുഖർ പ്രതികരിക്കുന്നു
തയാറാക്കിയത്- അഭിലാഷ് രാധാകൃഷ്ണൻ
പാലാ പള്ളി തിരുപ്പള്ളി
ഋഷിരാജ് സിംഗ്

മലയാളം നാടൻ പാട്ടുകൾ ആസ്വദിക്കുന്ന ഒരാളാണ് ഞാൻ. ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായി എത്തിയ കടുവ എന്ന ചിത്രത്തിലെ പാലാ പള്ളി തിരുപ്പള്ളി എന്ന ഗാനം എനിക്ക് ഏറെ ഇഷ്ടമായി. സന്തോഷ് വർമ്മയും ശ്രീഹരി തറയിലും ചേർന്ന് എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. പോയ വർഷം വളരെയധികം ശ്രദ്ധേയമായ ഗാനങ്ങളിലൊന്നുകൂടിയാണിത്. സിനിമയും ഹിറ്റായിരുന്നു.
കെ.എസ്. ശബരീനാഥൻ
( മുൻ എം.എൽ.എ)
എന്തര് കണ്ണ്ടേയ
പോയ വർഷം എൻ.ശ്രീജിത്ത് സംവിധാനം ചെയ്ത ഒരു തെക്കൻ തല്ല് കേസ് എന്ന ചിത്രത്തിലെ 'എന്തര് കണ്ണ്ടേയ്"...എന്ന ഗാനം എനിക്ക് വളരെയധികം ഇഷ്ടമായി. അൻവർ അലി എഴുതി ജസ്റ്റിൻ വർഗീസ് ഈണമിട്ട ഗാനം ഹംന ഹിലരിയും ജസ്റ്റിൻ വർഗീസും ചേർന്നാണ് പാടിയിരിക്കുന്നത്. തിരുവനന്തപുരം ഭാഷ ആക്ഷേപഹാസ്യ തരത്തിലാണ് പലപ്പോഴും ചിത്രങ്ങളിൽ കാണുന്നത്. അതിൽ നിന്ന് വ്യത്യസ്തമായി നിൽക്കുന്ന ഒരു തെക്കൻ തല്ല് കേസ്, തിരുവനന്തപുരത്തെ ഒരു പ്രദേശത്ത് നടക്കുന്ന കഥയാണ് പറയുന്നത്. പ്രാദേശികമായ ഭാഷയുടെ തനിമ കെടുത്താതെ ചിത്രീകരിച്ച സിനിമയിൽ സന്ദർഭത്തിനനുസരിച്ച് മനോഹരമായാണ് ഈ ഗാനവും ഒരുക്കിയിരിക്കുന്നത്.
വാടരുതെ...
തനൂജ ഭട്ടതിരി
2022 നിരവധി നല്ല ഗാനങ്ങൾ സമ്മാനിച്ച വർഷമായിരിന്നു. തട്ടുപൊളിപ്പൻ ഗാനങ്ങളും വിഷാദ ഗാനങ്ങളും മെലഡികളും ഒക്കെ ആസ്വദിക്കാൻ കഴിഞ്ഞു. ഇക്കൂട്ടത്തിൽ മനസിനെ സ്പർശിച്ച ഒരു ഗാനമാണ് ഹരികുമാർ സംവിധാനം ചെയ്ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലെ വാടരുതെ എന്ന് പേരുള്ള ഗാനം. പാട്ടുകളുടെ വരികളിലെ അർത്ഥം എന്നെ സംബന്ധിച്ച് പ്രധാനമാണ്. പ്രഭാവർമ്മ എഴുതിയ വരികൾ എനിക്ക് ഏറെ ഇഷ്ടമായി. ഔസേപ്പച്ചന്റെ സംഗീതവും ഭാവ ഗായകൻ പി.ജയചന്ദ്രന്റെ ശബ്ദവും കൂടി ആയപ്പോൾ ഈ ഗാനം എനിക്ക് പ്രത്യേക അനുഭവമാണ് നൽകിയത്.ആസ്വാദകരെ പാട്ടിനുള്ളിലേക്ക് ആകർഷിക്കാൻ കഴിവുള്ള സംഗീത സംവിധായകനാണ് ഔസേപ്പച്ചൻ. കേൾക്കുന്നവരുടെ മനസിലേക്ക് ആഴ്ന്നിറങ്ങാൻ കഴിയുന്ന ഗാനങ്ങൾ മാത്രമേ ആസ്വാദ്യകരമാകു. അത്തരത്തിൽ എന്നെ സ്വാധീനിച്ചതാണ് വാടരുതെ എന്ന ഈ മനോഹര ഗാനം.

യാതൊന്നും
പറയാതെ
സിതാര കൃഷ്ണകുമാർ
ടൊവിനോ തോമസും കീർത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ വാശി എന്ന ചിത്രത്തിലെ വിനായക് ശശികുമാർ എഴുതി കൈലാസ് നാഥ് ഈണമിട്ട യാതൊന്നും പറയാതെ എന്ന ഗാനം 2022 ൽ ഞാൻ ഏറെ ആസ്വദിച്ച ഗാനങ്ങളിലൊന്നാണ്. അഭിജിത്ത് അനിൽകുമാറും ഞാനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഞാനും ഒരു വിധികർത്താവായ സൂപ്പർ ഫോർ എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്ന അഭിജിത്തിനൊപ്പം പാടാൻകഴിഞ്ഞത് സന്തോഷമായി. വളരെ മനോഹരമായി ഒരുക്കിയിരിക്കുന്ന ഒരു ഗാനമാണിത്.
മെല്ലെ തൊടണ് നറുമണം
സുധീപ് കുമാർ
2022 ൽ ഇഷ്ടപ്പെട്ട നിരവധി ഗാനങ്ങൾ ഉണ്ടെങ്കിലും ലളിതം സുന്ദരം എന്ന സിനിമയിൽ ബി.കെ.ഹരിനാരായണൻ എഴുതി ബിജിബാൽ ഈണമിട്ട് ബോംബെ ജയശ്രി പാടിയ മെല്ലെ തൊടണ് നറുമണം എന്ന് തുടങ്ങുന്ന പാട്ട് ഏറെ മനോഹരമായ അനുഭൂതിയാണ് നൽകുന്നത്. ഒരു വാത്സല്യം നിറയുന്ന ഭാവം കൊണ്ടുവരാൻ സംഗീത സംവിധായകനും ഗായികയ്ക്കും സാധിച്ചിരിക്കുന്നു. ഹരിനാരായണൻ ഇക്കാലത്തെ മികച്ച എഴുത്തുകാരിൽ ഒരാളാണ്. ആ കഴിവ് പാട്ടിലെ വരികളിൽ ദൃശ്യമാണ്. അതുല്യ സംഗീത സംവിധായകനായ ബിജിബാലിന്റെ ഈണത്തിനൊപ്പം ബോംബേ ജയശ്രിയുടെ വശ്യമായ ശബ്ദം കൂടിച്ചേർന്നപ്പോൾ ഗാനം അതിമനോഹരമായി. ഈ പാട്ട് കേൾക്കുമ്പോൾ മാതാപിതാക്കൾ നൽകിയ ആ സ്നേഹം എനിക്ക് അനുഭവിക്കാൻ കഴിയും.