മമ്മൂട്ടിയുടെ വർഷമായിരുന്നു 2022.കുഞ്ചാക്കോ ബോബനും 
പൃഥ്വിരാജിനും  ആസിഫ് അലിക്കും ദുൽഖറിനും പ്രണവ് മോഹൻലാലിനും ബേസിൽ ജോസഫിനും വിജയത്തിളക്കം,
പണക്കിലുക്കത്തിൽ അന്യഭാഷാ ചിത്രങ്ങൾ

മലയാള സിനിമയെ ഇന്ത്യൻ ചലച്ചിത്രലോകം മുഴുവൻ ഉറ്റുനോക്കുന്നതാണ് പോയവർഷത്തെ ആദ്യ കാഴ്ച. നല്ല സിനിമകൾ ഇവിടെ വിജയക്കൊടി പാറിക്കുന്നു. അതിൽ ഏറെയും ചെറിയ ചിത്രങ്ങൾ. പ്രമേയമാണ് യഥാർത്ഥ താരമെന്ന് അടയാളപ്പെടുത്തി വിജയങ്ങൾ വീണ്ടും ഇവിടെ ആവർത്തിക്കപ്പെടുന്നു. പോയവർഷം ബേബി സാം മുതൽ നല്ല സമയം വരെ 251 ചിത്രങ്ങളാണ് ഒ.ടി.ടിയിലും തിയേറ്ററുകളിലുമായി റിലീസ് ചെയ്തത്. മെഗാസ്റ്റർ മമ്മൂട്ടിയുടെ വർഷം എന്ന് 2022നെ വിശേഷിപ്പിക്കാം.തൊട്ടരുകിൽ പൃഥ്വിരാജ്. ഭീഷ്മപർവ്വം, പാപ്പൻ, റോഷാക്ക്, തല്ലുമാല, ഹൃദയം, ജനഗണമന, ജയ ജയ ജയ ജയഹേ , കടുവ, ന്നാ താൻ കേസ് കൊട് എന്നീ ചിത്രങ്ങളാണ് മെഗാ ഹിറ്റുകൾ. ഇതിൽ ന്നാ താൻ കേസുകൊട് എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ചു.മജിസ്ട്രേട്ടും വക്കീലും കള്ളനും എല്ലാം ഒരുപോലെ തിളങ്ങി.
പതിന്നാലു വർഷത്തെ ഇടവേളയ്ക്കുശേഷം മമ്മൂട്ടിയും സംവിധായകൻ അമൽനീരദും ഒരുമിച്ച ഭീഷ്മപർവ്വം വാരിയത് 115 കോടി രൂപയാണ്. മൈക്കളപ്പൻ എന്ന മമ്മൂട്ടി കഥാപാത്രം ആരാധകരെ ഇളക്കിമറിച്ചു. ഒപ്പം 'ചാമ്പിക്കോ" എന്ന മമ്മൂട്ടി പ്രയോഗവും. സി.ബി.ഐ 5 ദ് ബ്രയിൻ മികച്ച വിജയം നേടിയപ്പോൾ മമ്മൂട്ടിയുടെ ആദ്യ ഒ.ടി.ടി റിലീസായി എത്തിയ പുഴു അഭിനയത്തികവിലും പ്രമേയത്തിന്റെ വ്യത്യസ്തതയിലും മുന്നിട്ടു നിന്നു. റോഷാക്ക് എന്ന മമ്മൂട്ടി ചിത്രവും ബോക്സോഫീസിൽ നിന്ന് 40 കോടി വാരി.നാലു സിനിമയിലും വ്യത്യസ്ത വേഷപ്പകർച്ചയിലായിരുന്നു മമ്മൂട്ടി എന്നതാണ് മറ്റൊരു സവിശേഷത.
പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിച്ച് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം ആണ് ഏറ്റവും ജനപ്രീതി നേടിയ ചിത്രം. രണ്ട് സംസ്ഥാന അവാർഡും കരസ്ഥമാക്കിയ ചിത്രത്തിന് 70 കോടിയാണ് കളക്ഷൻ.ഈ ചിത്രത്തിലെ പാട്ടുകളും സൂപ്പർ ഹിറ്റായി.ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപിയുടെ വരവ് അറിയിച്ച ജോഷി ചിത്രം പാപ്പൻ 40 കോടി നേടിയെന്നാണ് റിപ്പോർട്ട്.രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താൻ കേസ് കൊട് 50 കോടി കളക്ട് ചെയ്തു.
ടൊവിനോ തോമസ് നായകനായ തല്ലുമാല  വൻ വിജയം നേടി.ബേസിൽ ജോസഫും ദർശന രാജേന്ദ്രനും അഭിനയിച്ച ജയ ജയ ജയ ജയ ൂഹേ ബോക്സാഫീസിൽ  43.55 കോടി നേടി.പൃഥ്വിരാജ് ചിത്രങ്ങളായ കടുവയും ജനഗണമനയും 50 കോടി ക്ളബിൽ ഇടംനേടി.
ഹിറ്റുകളില്ലാതെ മോഹൻലാൽ
മോഹൻലാൽ സിനിമയായി കഴിഞ്ഞ വർഷം ബ്രോ ഡാഡി ആണ് ആദ്യ റിലീസ്. ഒ.ടി.ടി റിലീസായിരുന്നു. ലൂസിഫറിനുശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്രോ ഡാഡി. ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന മോഹൻലാൽ ചിത്രം തിയേറ്ററുകളിൽ വലിയ വിജയം നേടിയില്ല.ജീത്തു ജോസഫ് ചിത്രം ട്വൽത്ത് മാൻ ഒ.ടി.ടി റിലീസായിരുന്നെങ്കിലും മോഹൻലാൽ തിളങ്ങി. പുലിമുരുകനു ശേഷം മോഹൻലാലും സംവിധായകൻ വൈശാഖും ഒരുക്കിയ മോൺസ്റ്റർ ആരാധകർക്കിടയിൽ വലിയ ചലനമുണ്ടാക്കിയില്ല. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബനിലാണ് മോഹൻലാൽ ഈ വർഷം ആദ്യം അഭിനയിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ ഈ വർഷം മദ്ധ്യത്തോടെ ആരംഭിക്കും. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്  ഈ വർഷം പ്രേക്ഷകർക്കു മുന്നിലെത്തും.

ശരണ്യയുടെ
ആദ്യ ഹിറ്റടി
തണ്ണീർമത്തൻ ദിനങ്ങൾക്കുശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത അനശ്വര രാജനും അർജുൻ അശോകനും മമിത ബൈജുവും അഭിനയിച്ച സൂപ്പർ ശരണ്യയാണ് പോയവർഷം ഹിറ്റടിച്ച ആദ്യ ചിത്രം.
വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് ഓണചിത്രങ്ങളിൽ മികച്ച വിജയം നേടി മുന്നിൽഎത്തി.ഓപ്പറേഷൻ ജാവയുടെ ചരിത്രവിജയത്തിനു ശേഷം സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു. സുരേഷ് ഗോപി ബിജു ജേക്കബ് ചിത്രം മേ ഹൂം മൂസയും മാത്യു തോമസ്, നസ്ളൻ , നിഖില വിമൽ എന്നിവർ അഭിനയിച്ച ജോ ആന്റ് ജോയും ഹിറ്റടിച്ചു.
ഭൂതകാലവും 
അപ്പനുമായി  ഒ.ടി.ടി
ഒരുപിടി ചിത്രങ്ങൾ ഒ.ടി.ടിയിൽ  മികച്ച അഭിപ്രായം നേടി. ഭൂതകാലം എന്ന ഹൊറർ ചിത്രം രേവതിയുടെയും ഷെയ്ൻ നിഗമിന്റെയും മികച്ച അഭിനയം കൊണ്ട് പ്രശംസ നേടി. രേവതിക്ക് സംസ്ഥാന പുരസ്കാരവും ലഭിച്ചു. ഒ.ടി.ടി റിലീസായി എത്തിയ അപ്പൻ സിനിമയിൽ സണ്ണി വയ്ന്റെയും അലൻസിയറുടെയും പ്രകടനം ഗംഭീരവും ശക്തവുമായിരുന്നു.പ്രശാന്ത് മുരളിയുടെ അടിയാൻ എന്ന ചിത്രം പ്രമേയം കൊണ്ട് മുന്നിട്ടു നിന്നു.തിയേറ്രറുകളിൽ വിജയം നേടാൻ കഴിയാതെ പോയ പല ചിത്രങ്ങളും ഒ.ടി.ടി പ്ളാറ്റ് ഫോമുകളിൽ ശ്രദ്ധ നേടുകയും ചെയ്തു. പ്രമേയത്തിന്റെ സവിശേഷതമായി എത്തിയ മഹേഷ് നാരായണൻ, കുഞ്ചാക്കോ ബോബൻ ചിത്രം അറിയിപ്പ് ഒ.ടി.ടിയിൽ നേരിട്ട് സ്ട്രീം ചെയ്യുകയായിരുന്നു.
ബേസിലിനെയും ഷൈൻ ടോമിനെയും
സ്നേഹിച്ച വർഷം
ബേസിൽ ജോസഫ് എന്ന നടനെ പ്രേക്ഷകർ കൂടുതൽ സ്നേഹിച്ച വർഷം കൂടിയായിരുന്നു.പാൽതൂ ജാൻവർ ഓണം റിലീസായി എത്തി വിജയം നേടി. എന്നാൽ ജയ ജയ ജയയ ഹേ ചരിത്ര വിജയം നേടിയപ്പോൾ നായകനായി ഒരുപിടി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഭീഷ്മപർവ്വം, തല്ലുമാല, ഭാരത സർക്കസ്, കുടുക്ക് 2025, ചതുരം, ജിന്ന് തുടങ്ങിയ ചിത്രങ്ങളുമായി ഷൈൻ ടോം ചാക്കോ നിറഞ്ഞുനിന്നു. തീർപ്പ്, ഗോൾഡ് എന്നീ പൃഥ്വിരാജ് ചിത്രങ്ങൾ പ്രതീക്ഷയ്ക്ക് ഒത്തു ഉയർന്നില്ല. ക്രിസ്മസിന് റിലീസ് ചെയ്ത കാപ്പ വിജയചിത്രമായി മാറുന്നു. മേരീ ആവാസ് സുനോ, ജോൺ ലൂഥർ, ഈശോ എന്നീ ചിത്രങ്ങളായിരുന്നു ജയസൂര്യയുടേത്. കൂമൻ എന്ന ചിത്രം ആസിഫ് അലിക്ക് നേട്ടം സമ്മാനിച്ചു. റോഷാക്കിൽ മുഖം കാട്ടാത്ത അഭിനയവും പ്രേക്ഷകർ ഏറ്റെടുത്തു. സല്യൂട്ട്, ബഹുഭാഷ ചിത്രം സീതാരാമം, ബോളിവുഡ് ചിത്രം ഛുപ്എന്നീ സിനിമകളിൽ ദുൽഖർ സൽമാൻ തിളങ്ങി.നാരദൻ, ഡിയർ ഫ്രണ്ട് എന്നീ ചിത്രങ്ങൾ ടൊവിനോ തോമസിന് നേട്ടം നൽകിയില്ല. പടവെട്ട്, മഹാവീര്യർ, സാറ്റർഡേ നൈറ്ര് എന്നീ ചിത്രങ്ങളാണ് നിവിൻ പോളിയുടേതായി ഇറങ്ങിയത്. മലയൻകുഞ്ഞുമായാണ് ഫഹദ് ഫാസിൽ എത്തിയത്. കമൽഹാസൻ ചിത്രം വിക്രത്തിൽ ഫഹദ് അസാധാരണമായ പ്രകടനം കാഴ്ചവച്ചു. ബിജു മേനോൻ ലളിതം സുന്ദരത്തിൽ തിളങ്ങി. പത്തൊമ്പതാം നൂറ്റാണ്ടിൽ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്ര നായകനായി സിജു വിത്സൺ മികച്ച പ്രകടനം കാഴ്ചവച്ചു.
മുകുന്ദനുണ്ണി അസോസിയേറ്റ്സിൽ വിനീത് ശ്രീനിവാസന്റെ വേറിട്ട മുഖം കാണാൻ സാധിച്ചു. മേപ്പടിയാൻ, ഷെഫീക്കിന്റെ സന്തോഷം, മാളികപ്പുറം എന്നീ ചിത്രങ്ങളുമായി എത്തിയ ഉണ്ണിമുകുന്ദൻ നിർമ്മാതാവായ വർഷം കൂടിയാണ്. ജനഗണമനയും ഓട്ടോറിക്ഷക്കാരന്റെ ഭാര്യയുമായി സുരാജ് വെഞ്ഞാറമൂട് എത്തി ശ്രദ്ധനേടി. ചതുരവും നൈറ്റ് ഡ്രൈവുമായി റോഷൻ മാത്യു. പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിൽ ഷറഫുദ്ദീൻ വിജയകരമായി നായക അരങ്ങേറ്റം നടത്തി. 19 (1) ( a) എന്ന ചിത്രത്തിലൂടെ വിജയ് സേതുപതി നായകനായി മലയാളത്തിൽ അരങ്ങേറ്രം കുറിക്കുന്നതിനും പോയവർഷം സാക്ഷ്യം വഹിച്ചു.

നടിമാർ  തിളങ്ങി
നടിമാർ മികച്ച അഭിനയമുഹൂർത്തങ്ങൾ കാഴ്ചവച്ച വർഷമായിരുന്നു.രേവതി, ബിന്ദു പണിക്കർ, ദർശന രാജേന്ദ്രൻ, പൗളി വത്സൻ, ദിവ്യപ്രഭ, ഗ്രേസ് ആന്റണി എന്നിവർ ഉദാഹരണം.ലളിതം സുന്ദരം, മേരീ ആവാസ് സുനോ, ജാക്ക് ആന്റ് ജിൽ എന്നിവയാണ് മഞ്ജു വാര്യർ ചിത്രങ്ങൾ.ഐശ്വര്യലക്ഷ്മി കുമാരിയായി കുമാരിയിലും തമിഴിൽ പൊന്നിയിൻ സെൽവനിൽ പൂങ്കുഴലിയായും തിളങ്ങുന്ന കാഴ്ച കണ്ടു. അർച്ചന 31 നോട്ട് ഔട്ടാണ് മറ്റൊരു ചിത്രം . മലയാളത്തിലെ രണ്ടു നടിമാർ തിരിച്ചുവരവ് നടത്തിയ വർഷം കൂടിയായിരുന്നു . ഒരുത്തീയിലൂടെ നവ്യനായരും മകൾ എന്ന ചിത്രത്തിലൂടെ മീര ജാസ്മിനും.സൗദി വെള്ളക്കയിൽ  പുതുമുഖം ദേവി വർമ്മ ആയിഷുമ്മ എന്ന കഥാപാത്രമായി തിളങ്ങി.
മുന്നിൽ ഷാജിയും ജീത്തുവും , 
പ്രതീക്ഷ നൽകി 
ഇന്ദുവും റത്തിനയും
ഷാജി കൈലാസും ജീത്തു ജോസഫും റോഷൻ ആൻഡ്രൂസും വിപിൻ ദാസും രണ്ടു ചിത്രങ്ങൾ വീതം സംവിധാനം ചെയ്തു . നീണ്ട ഇടവേളയ്ക്കു ശേഷം വിനയന്റെ ശക്തമായ തിരിച്ചുവരവ് അറിയിച്ച വർഷമായിരുന്നു.മലയാളത്തിന്റെ ക്രാഫാട്സ് മാൻ ജോഷി വീണ്ടും വിജയം ആവർത്തിച്ചു. മകൾ എന്ന ചിത്രവുമായി സത്യൻ അന്തിക്കാടും പ്രിയനായകൻ ജയറാമും എത്തി. സി.ബി.ഐ സീരീസുമായാണ് കെ.മധു സാന്നിദ്ധ്യം അറിയിച്ചത്. ഇന്ദു വി.എസ്, വിഷ്ണു മോഹൻ, സംഗീത് പി. രാജൻ, റത്തിന, അരുൺ. ഡി ജോസ്, ലിജു കൃഷ്ണ, അബിജിത് ജോസഫ്, വിഷ്ണു ശശിശങ്കർ തുടങ്ങിയ നവാഗത സംവിധയകർ പ്രതീക്ഷ നൽകുന്നു.
ഭാഷ പ്രശ്നമല്ല, ആള് കയറും
കെ.ജി.എഫ് 2 , പൊന്നിയിൻ സെൽവൻ , വിക്രം, കാന്താര, അവതാർ 2, ലൗ ടുഡേ തുടങ്ങിയ അന്യഭാഷാചിത്രങ്ങളിൽ കേരളത്തിലും മികച്ച വിജയങ്ങൾ നേടി.പുതുവർഷത്തിൽ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ ഒഴുക്കായിരിക്കും. കന്നട ചിത്രങ്ങൾക്കാണ് മലയാളി പ്രേക്ഷകർക്ക് ഇപ്പോൾ ഏറ്രവും സ്വീകാര്യത. മുൻപ് മലയാളി പ്രേക്ഷകർ മുഖം തിരിച്ചത് കന്നട ചിത്രങ്ങൾക്ക് നേരെയായിരുന്നു. എന്നാൽഭാഷ പ്രശ്നമല്ല. വലിയ താരങ്ങൾ ഇല്ലെങ്കിലും സിനിമയ്ക്ക് ആള് കയറും എന്നതാണ് സ്ഥിതി.
വേർപാടുകൾ
അതുല്യനടി കെ.പി.എ.സി ലളിത, സംവിധായകനും നടനുമായ പ്രതാപ് പോത്തൻ, നടൻമാരായ കൊച്ചുപ്രേമൻ, കോട്ടയം പ്രദീപ്, ഛായാഗ്രാഹകൻ പപ്പു എന്നിവർ വിടപറഞ്ഞ വർഷം കൂടിയായിരുന്നു 2022.