അച്ഛനിലൂടെയാണ് സുനിൽ അക്ഷരങ്ങളെ പ്രണയിച്ചു തുടങ്ങിയത്. ആ പ്രണയം കാലത്തിനൊപ്പം സഞ്ചരിച്ച് രണ്ടു പതിറ്റാണ്ടുകൾകൊണ്ട് നടന്നുകയറിയത് കേന്ദ്രസാഹിത്യ പുരസ്കാരത്തിലേക്ക്.

അക്ഷരങ്ങളുടെ ലോകത്ത് സുനിൽ ഞാളിയത്ത് പഠിച്ച ആദ്യപാഠമായിരുന്നു അച്ഛൻ. കൊൽക്കത്തയിലെ സാമ്പാ മിർസ നഗറിലുള്ള ചെറിയ ഫ്ളാറ്റിലെ അച്ഛന്റെ വായനാമുറിയായിരുന്നു സുനിലിന്റെ 'മലയാള സർവകലാശാല". പുസ്തകങ്ങളും ആനുകാലികങ്ങളും നിറഞ്ഞ ലോകമായിരുന്നു അത്. വിപ്ലവമായാലും വിശ്വദർശനമായാലും അറിവും അക്ഷരങ്ങളും അനിവാര്യമാണെന്നു ബോദ്ധ്യമായതോടെ സ്വന്തമാക്കിയത് ബംഗാളിയടക്കം നാലു ഭാഷകൾ.
വിപ്ലവകാരികൾ സ്വപ്നംകണ്ട 'വസന്തത്തിന്റെ ഇടിമുഴക്കം" നിലച്ച എൺപതുകളുടെ തുടക്കത്തിലാണ് സുനിൽ ഞാളിയത്ത് എന്ന ബാലൻ ബംഗാളിന്റെ ഹൃദയത്തിലേക്കു പിച്ചവച്ചത്. തൃപ്പൂണിത്തുറയ്ക്കടുത്തുള്ള തിരുവാങ്കുളത്തെ ഞാളിയത്ത് തറവാട്ടിലെ ഏകാന്തബാല്യത്തിൽ നിന്നു ബംഗാളിലേക്ക് പറിച്ചുനട്ടപ്പോൾ അന്നത്തെ ഏഴാം ക്ലാസുകാരന് അച്ഛനോടു തോന്നിയ അപരിചിതത്വം എന്തുകൊണ്ടോ ബംഗാളിനോടും ബംഗാളിയോടും ആ ഭാഷയോടും തോന്നിയില്ല. മനസ്സിലുള്ളതു മൗനംകൊണ്ടു പറഞ്ഞ അച്ഛനിലൂടെയാണ് സുനിൽ അക്ഷരങ്ങളെ പ്രണയിച്ചു തുടങ്ങിയത്. ആ പ്രണയം കാലത്തിനൊപ്പം സഞ്ചരിച്ച് രണ്ടു പതിറ്റാണ്ടുകൾകൊണ്ട് നടന്നുകയറിയത് കേന്ദ്രസാഹിത്യ പുരസ്ക്കാരത്തിലേക്ക്. വിഖ്യാത ബംഗാളി എഴുത്തുകാരി മഹാശ്വേതാ ദേവിയുടെ 'ബഷായ് ടുഡു" എന്ന നോവലിന്റെ വിവർത്തനത്തിനാണ് സുനിലിന് 2021ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.
കാലത്തിനപ്പുറം കാണുന്നവരായിരുന്നു ബംഗാളി സാഹിത്യ പ്രതിഭകളെന്നു 'ബഷായ് ടുഡു"വിലൂടെ സുനിൽ കാട്ടിത്തന്നു. എഴുപതുകളിൽ ബംഗാളിൽ നടന്ന കർഷക സമരത്തെ അടിസ്ഥാനമാക്കി രചിച്ച നോവൽ ഡൽഹിയിലും മറ്റും സമീപകാലത്തു നടന്ന കർഷക പ്രക്ഷോഭങ്ങളെക്കൂടിയാണ് അടയാളപ്പെടുത്തുന്നത്.
പരിഭാഷയാണ് പ്രധാന മേഖലയെങ്കിലും ഒരു നോവലടക്കം ചില സ്വന്തം രചനകളുടെ തയ്യാറെടുപ്പിലാണ് സുനിൽ. എല്ലാ രചനകൾക്കുമുണ്ട്, അച്ഛനോർമ്മകളുടെ തണൽ. കർഷക സമരങ്ങൾ വിപ്ലവത്തിലേക്കു മാറുന്ന ഘട്ടത്തിൽ, അക്ഷരങ്ങളേക്കാൾ വലിയ ആയുധമില്ലെന്ന തിരിച്ചറിവാണ് അച്ഛനിൽ നിന്നറിഞ്ഞ പുണ്യം. ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള ഇടവേളയ്ക്കു ശേഷം കേരളത്തിൽ നിന്നും കൊൽക്കത്തയിൽ മടങ്ങിയെത്തിയപ്പോൾ കണ്ട, കേരളവും ബംഗാളും തമ്മിലുള്ള അസാമാന്യ സമാനതകളാണ് സുനിലിനെ ബംഗാളി ഗ്രാമങ്ങളിലേക്ക് അടുപ്പിച്ചത്. അനുഭവങ്ങളുടെ അക്ഷയഖനിയായിരുന്ന അച്ഛനെ അടുത്തറിഞ്ഞതും ബംഗാളിലെത്തിയശേഷം.
സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി ഒഡീഷയിൽ പഠനത്തിനു പോയ അച്ഛൻ ടി.പി. ഞാളിയത്ത് ഒടുവിൽ ബംഗാളിൽ സ്ഥിരതാമസമാക്കുകയായിരുന്നു. അവിടെ അച്ചടിശാലയും വായനയും എഴുത്തുമായി നടന്ന അദ്ദേഹം, 'കേരളരശ്മി"എന്ന മാസിക പ്രസിദ്ധീകരിച്ച് സാഹിത്യലോകത്ത് ശ്രദ്ധേയനായി. സുനിലിന് സ്കൂളിൽ ബംഗാളിഭാഷ പഠനവിഷയമായപ്പോൾ നാട്ടിൽ നിന്ന് അച്ഛന് എത്തിയിരുന്ന പുസ്തകങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും മലയാളഭാഷയെ ചേർത്തുപിടിക്കാൻ വഴിയൊരുക്കി. ബംഗാളി ഭാഷ മലയാളം പോലെ വഴങ്ങിയതോടെ സാഹിത്യലോകം കൂടുതൽ വിശാലമായി. അതാണ് പിന്നീട് വിവർത്തനത്തിലേക്ക് വഴിതെളിച്ചതും.
രാഷ്ടീയം, ഫുട്ബോൾ, നാടകം, സിനിമ, സാഹിത്യം എന്നിവയോടുള്ള അഭിരുചികളിലും കാണാം സമാനതകൾ. അതുകൊണ്ടുതന്നെ കേരളവും ബംഗാളും തമ്മിലൊരു ജന്മാന്തരബന്ധമുണ്ടെന്ന് സുനിലിനു പലപ്പോഴും തോന്നിയിട്ടുണ്ട്.
കൊൽക്കത്തയിലെ തെരുവുനാടകക്കാലം
വ്യവസ്ഥിതിയുമായുള്ള പോരാട്ടത്തിൽ തോൽക്കുമെന്ന് ഉറപ്പുണ്ടായിട്ടും ആയുധമെടുത്ത വിദ്യാസമ്പന്നരായ വിപ്ലവകാരികൾ അന്നത്തെ കോളേജ് വിദ്യാർത്ഥികൾക്ക് ആവേശമായിരുന്നു. കൊൽക്കത്ത യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയായിരുന്ന കാലത്ത് 'പദദ്ധ്വനി" എന്ന ബംഗാളി തിയേറ്റർ ഗ്രൂപ്പിലെ അംഗമായിരുന്ന സുനിൽ സഫ്ദർ ഹാഷ്മിയുടെ 'ഹല്ലബോൽ" അടക്കം നിരവധി നാടകങ്ങളിലഭിനയിച്ചു. തീക്ഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയവരാണ് ബംഗാളിലെ ഒട്ടുമിക്ക എഴുത്തുകാരും. മഹാശ്വേതാ ദേവിയുടെയും മനോരഞ്ജൻ ബ്യാപാരിയുടെയും, സുനിൽ ഗംഗോപാദ്ധ്യായയുടെയുമൊക്കെ രചനകളിൽ ഇതു വ്യക്തം. തെരുവുഗുണ്ടയായും നക്സലൈറ്റായുമൊക്കെ ജീവിച്ച മനോരഞ്ജൻ ബ്യാപാരിയുടെ കൃതികളിൽ അടിച്ചമർത്തപ്പെട്ടവന്റെ ആത്മരോഷം കാണാനാകും. ഓരോ വായനയിലും പുതുമ അനുഭവപ്പെടുന്ന അത്തരം രചനകൾ ഏതുകാലത്തും പ്രസക്തമാണ്.
മൊഴിമാറ്റത്തിന്റെ രസതന്ത്രം
ഗ്രാമങ്ങളിലൂടെയുള്ള യാത്രകൾ ഇഷ്ടപ്പെട്ട സുനിലിന് ബംഗാളി സംസ്ക്കാരത്തെയും ജീവിതത്തെയും അടുത്തറിയാൻ കഴിഞ്ഞു. ഇതെല്ലാം എഴുത്തിന് ഊർജമേകി.
പരിഭാഷയെന്നത് പദാനുപദ തർജമയല്ല എന്നും ആശയവും വികാരവും ഉൾക്കൊണ്ടുള്ള എഴുത്തിന് വലിയ തയ്യാറെടുപ്പ് ആവശ്യമാണെന്നും ബോദ്ധ്യമുള്ള സുനിൽ, ഓരോ കൃതിയും ഒന്നോ രണ്ടോ തവണ നന്നായി വായിച്ചശേഷമാണ് വിവർത്തനത്തിലേക്ക് കടക്കുക. സ്വാതന്ത്ര്യമെടുക്കാമെങ്കിലും മൂലകഥയിൽ നിന്ന് അകന്നു പോകാതെ വേണം ഓരോ പരിഭാഷയെന്നും പറയുന്നു.ബംഗാളിൽ നിന്നു മടങ്ങിയെങ്കിലും ഇപ്പോഴും അതേ ആത്മബന്ധം ബംഗാളുമായി നിലനിർത്തുന്ന സുനിൽ എറണാകുളത്ത് എൽ.ഐ.സി ഉദ്യോഗസ്ഥനാണിപ്പോൾ. അദ്ധ്യാപികയായ ഭാര്യ അനുവിനോടും വിദ്യാർത്ഥികളായ മക്കൾ ആദിത്യയോടും അമർത്യയോടുമൊപ്പം തൃപ്പൂണിത്തുറയിലാണ് താമസം.
തുടക്കം 'ആത്മഹത്യക്കുശേഷം"
സുചിത്ര ഭട്ടാചാര്യയുടെ 'ആത്മഹത്യക്കുശേഷം" എന്ന കഥാസമാഹാരം പരിഭാഷപ്പെടുത്തിയാണ് സുനിലിന്റെ തുടക്കം. ഇതു ശ്രദ്ധിക്കപ്പെട്ടതോടെ തന്റെ എല്ലാ രചനകളും പരിഭാഷപ്പെടുത്താൻ സുചിത്ര അനുമതി നൽകി. വ്യക്തിബന്ധങ്ങളിലേയ്ക്ക് സൂക്ഷ്മമായി ഇറങ്ങിച്ചെല്ലുകയും ആഴത്തിൽ അടയാളപ്പെടുത്തുകയും ചെയ്യുന്ന കഥകളാണ് സുചിത്രയുടേത്. അവരുമായി വലിയ ആത്മബന്ധമുണ്ടായിരുന്നു.
ഇരുപതോളം പരിഭാഷകൾ
വിവർത്തനരംഗത്ത് രണ്ടുപതിറ്റാണ്ടിലേറെ പിന്നിടുമ്പോൾ ബംഗാളിയിൽ നിന്നു നേരിട്ടുള്ള ഇരുപതോളം പരിഭാഷകളാണ് മലയാളത്തിനു സുനിൽ സമ്മാനിച്ചത് . രബീന്ദ്രനാഥ ടാഗോറിന്റെ നോവലായ 'ചോഖർ ബാലി"ക്ക് വിവർത്തനത്തിനുള്ള 2014ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും, മഹാശ്വേതാ ദേവിയുടെ 'ബഷായ് ടുഡു"വിന് 2021ലെ പ്രൊഫ. കാളിയത്ത് ദാമോദരൻ വിവർത്തന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ബ്രഹ്മപുത്രയുടെ തീരത്ത് (തസ്ലീമ നസ്രീൻ), അമാനുഷിക് (മനോരഞ്ജൻ ബ്യാപാരി), വെണ്ണക്കൽ തളിക (ബാണി ബസു), മൊനേർ മാനുഷ് (സുനിൽ ഗംഗോപാദ്ധ്യായ), തൂവൽക്കിനാവ് (രാംകുമാർ മുഖോപാദ്ധ്യായ), ചൂതാട്ടം (രാതുൽ ഘോഷ്) എന്നിവയാണ് മറ്റ് നോവൽ പരിഭാഷകൾ. ആത്മഹത്യക്കുശേഷം, പ്രണയം മാത്രം, ദുർഗ്ഗാഷ്ടമി, കൽക്കത്ത കഫെ എന്നിവയാണ് കഥാസമാഹാരങ്ങൾ.യാത്രാവിവരണം: പശ്ചിം ദിഗന്തേ പ്രദോഷ് കാലേ, ഒരു ലോകം പല കാലം (വിക്രമൻ നായർ). ഓർമ്മ/അനുഭവം: കുട്ടിക്കാലം (രബീന്ദ്രനാഥ ടാഗോർ). ബാലസാഹിത്യം: ഘ്യാംഘസോറിന്റെ തൂവൽ (ഉപേന്ദ്രകിഷോർ റായ് ചൗധുരി). സ്വന്തം രചനകൾ (ഇംഗ്ലീഷ്): ഇൻസിഗ്നിയ ഓഫ് എ ഡ്രീം ദി സിയാൽ സ്റ്റോറി (കോഫി ടേബിൾ ബുക്ക്), കാശ്ഫൂലേർ ദേശേ( ഓർമ്മ/അനുഭവം).
മധുമതി (പൂർണചന്ദ്ര ചതോപാദ്ധ്യായ), ശാന്തിനികേതൻ കുറിപ്പുകൾ (രബീന്ദ്രനാഥ ടാഗോർ), യൂറോപ്പിൽ നിന്നുള്ള ദിനസരിക്കുറിപ്പുകൾ (വിക്രമൻ നായർ) എന്നീ കൃതികളുടെ വിവർത്തനം പുരോഗമിക്കുകയാണിപ്പോൾ.