
തേനീച്ച എത്ര പാടുപെട്ടാണ് കൂടുണ്ടാക്കുന്നത്. സൂക്ഷിച്ചു നോക്കിയാൽ ബഹുനില മാളിക. അതോ മധുരിക്കുന്ന കൊട്ടാരമോ? തേനെടുക്കുന്നവന് ഒരു നിമിഷം വേണ്ട അത് പിഴിഞ്ഞ് സമ്പാദ്യം മുഴുവൻ എടുത്ത് തേനീച്ചയുടെ കരവിരുതിനെ തകർത്തെറിയാൻ - വിശ്വംഭരനെന്ന സമ്പന്നൻ ഇതേപോലെ  ലളിതമായ ഉപമകൾ കൊണ്ടാവും പലപ്പോഴും ജീവിതത്തെ വ്യാഖ്യാനിക്കുന്നത്.
രണ്ടു സംസ്ഥാനങ്ങൾ കൈകോർക്കുന്ന തനിനാട്ടിൻപുറത്തായിരുന്നു ജനനം. വികസനം നാട്ടിലുമില്ല വീട്ടിലുമില്ല. മൂന്നാലു മണിക്കൂർ പിന്നിടുമ്പോൾ മുഖം കാണിച്ചുപോകുന്ന ബസുകൾ. സ്വകാര്യ കാറുകൾ തീരെ കുറവ്. അന്നന്നേക്കുള്ള മുളകും വെളിച്ചെണ്ണയും അരിയുമാണ് പർച്ചേസിംഗ്. ഗൾഫിലെ കൂറ്റൻ മാളിൽ നിന്ന് കടലിനഭിമുഖമുള്ള കസേരയിലിരുന്നുകൊണ്ട് വന്ന വഴികളിലെ ചില തിരിവുകൾ സുഹൃത്ത് ബിനുവിനോട് സൂചിപ്പിച്ചു. ആകെയുള്ള വികസനം കാണുന്നത് ഗർഭിണികളാകുന്ന സ്ത്രീകളുടെ വയറിലാണ്. എട്ടും പത്തുമൊക്കെ പ്രസവിക്കും. കിട്ടിയാൽ കിട്ടി. ചൊറിയും ചിരങ്ങും വിളർച്ചയും മാറി മാറി ആക്രമിക്കും. പതുങ്ങി വരുന്ന ചില സാംക്രമിക രോഗങ്ങൾ. അതിനെയൊക്കെ അതിജീവിക്കുന്ന ജന്മങ്ങൾക്ക് വല്ലാത്ത കരുത്ത് കാണും. പൊരുതാനുള്ള വാശി കാണും. തൊഴിൽ തേടി നാടുവിട്ടതാണ് വിശ്വംഭരൻ. ഒരു കാർഡെഴുതി അച്ഛന് പോസ്റ്റ് ചെയ്യുമ്പോഴും പേടിയായിരുന്നു. ആ കാർഡുമായി അച്ഛൻ മീശയും പിരിച്ച് തല്ലാൻ വരുമോയെന്ന്. ബാംഗ്ളൂരിൽ ആദ്യം ചെറിയൊരു ജോലി. ഹരിഃശ്രീക്ക് മുമ്പേ അച്ഛൻ പഠിപ്പിച്ചത് സത്യസന്ധതയും നീതിയും. അതൊരിക്കലും കൈവിട്ടില്ല. ഒരു പൊതുമേഖലാ സ്ഥാപനത്തിൽ സാമാന്യം തെറ്റില്ലാത്ത ജോലികിട്ടിയപ്പോൾ വീട്ടുകാർക്കും നാട്ടുകാർക്കും സന്തോഷം. യാദൃശ്ചികമായി കമ്പനിയിലെത്തിയ അറബിയുമായി സൗഹൃദമായി. അയാൾക്കാവശ്യം സത്യസന്ധനായ ഒരാളെ. വിശ്വംഭരന്റെ കണ്ണുകളിൽ അതുണ്ടെന്ന് അയാൾക്കു തോന്നിയിരിക്കണം. അത് സൗദിയിലേക്കുള്ള വാതായനം തുറന്നു. സൗദിയിൽ പിടിച്ചുനിൽക്കാനും കരകയറ്റാനുമുള്ള ത്രാണിയുണ്ടായപ്പോൾ നിരവധി ബന്ധുക്കളെയും സുഹൃത്തുക്കളെയും ഗൾഫിലേക്ക് കൊണ്ടുപോയി. മിക്കവരും രക്ഷപ്പെട്ടു. നമ്മൾ സ്വയം ചിരിക്കുന്നതിനെക്കാൾ മറ്റുള്ളവർ മനം നിറഞ്ഞ് ചിരിക്കുമ്പോഴാണ് ദൈവം ചിരിക്കാൻ തുടങ്ങുന്നതെന്ന് വിശ്വംഭരൻ പറയാറുണ്ട്.
പട്ടുനൂൽപ്പുഴു ഒടുങ്ങിയാലും അതിന്റെ പട്ടുനൂൽ സ്നേഹം പോലെയാണ്. അതു പിന്നെയും ശേഷിക്കും തിളക്കത്തോടെ. വിദേശത്ത് നിരവധി സ്ഥാപനങ്ങളുണ്ടെങ്കിലും നാട്ടിലെത്തിയാൽ വില കുറഞ്ഞ കൈലിയുമുടുത്തു കൂട്ടുകാരോടൊപ്പം കൂടും. തട്ടുകടക്കാർക്കും മീൻകാരികൾക്കും ഒപ്പം കുശലം പറയും. കഴിയുന്ന സഹായങ്ങൾ ചെയ്യും. അതിന് ജാതിമതഭേദങ്ങളില്ല. ജീർണിച്ചുകിടന്ന നാട്ടിലെ ക്ഷേത്രം പുനരുദ്ധരിക്കാനും വിപുലമാക്കാനും മുൻകൈയെടുത്തത് വിശ്വംഭരൻ തന്നെ. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പരസ്പരം അകന്നും  കലഹിച്ചും പോകുന്നതിനിടെ ഒത്തുകൂടാനൊരു പുണ്യസങ്കേതം. ഗൾഫ് ജീവിതത്തിനിടയിൽ ആയുസിന്റെ നല്ലൊരു പങ്കും നഷ്ടമായെങ്കിലും ക്ഷേത്രകാര്യങ്ങളിലും ഉത്സവകാര്യങ്ങളിലും എല്ലാവരും ഒത്തുകൂടുമ്പോൾ പലതും തിരിച്ചുപിടിച്ചപോലെ തോന്നുമത്രേ.
ചിലർ നാരദരൂപമെടുത്തും മന്ഥര ജന്മമെടുത്തും ബന്ധങ്ങളെ തകർക്കുമ്പോൾ സ്നേഹം നെയ്തു ബന്ധങ്ങളുടെ ഇഴയടുപ്പിക്കുന്നവരല്ലേ യഥാർത്ഥ ദൈവം എന്ന് ചിലർ ചോദിക്കാറുണ്ട്. അമ്പലത്തിന് പുറത്ത് വാഴുന്ന ദൈവങ്ങൾക്ക് സ്നേഹത്തിന്റെ നിറവും മണവുമാണ്. അവർക്ക് പൂജ വേണ്ട അവർ മറ്റുള്ളവരെ പൂജിക്കുകയല്ലേ? വിശ്വംഭരന്റെ പഴയകാലം കേട്ടിരുന്ന സുഹൃത്തിന്റെ ചോദ്യം വിശ്വംഭരനെ പൊട്ടിച്ചിരിപ്പിച്ചു. ആ ചിരിയ്ക്കിടയിലും കണ്ണുനീർ ഒപ്പുന്നുണ്ടായിരുന്നു.
(ഫോൺ: 9946108220)