kunhalikkutty

കണ്ണൂർ: എം എസ് എഫ് നേതാവ് അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനുവേണ്ടി കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണത്തിൽ ഉറച്ച് അഡ്വ ടി പി ഹരീന്ദ്രൻ. രാഷ്ട്രീയത്തിലെ കൊടുക്കൽ വാങ്ങലുകളുടെ ഭാഗമായിരിക്കാമിതെന്നും താൻ ആരുടെയും കോളാമ്പിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഇക്കാര്യം വെളിപ്പെടുത്താൻ ഒരാളും തന്നോട് ആവശ്യപ്പെട്ടിട്ടില്ല. ചില പരിമിതികളുള്ളതുകൊണ്ടാണ് തന്റെ ആരോപണം മുൻ ഡി വൈ എസ് പി സുകുമാരൻ നിഷേധിച്ചത്. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ ധാർമികത കാണിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഷുക്കൂർ വധക്കേസിൽ സി പി എം നേതാവ് പി ജയരാജനെ രക്ഷിക്കാൻ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്നായിരുന്നു ടി പി ഹരീന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചത്. അഭിഭാഷകന്റെ ആരോപണം നേരത്തെ കുഞ്ഞാലിക്കുട്ടി നിഷേധിച്ചിരുന്നു. ഹരീന്ദ്രൻ പറഞ്ഞത് വാസ്തവ വിരുദ്ധമാണെന്നും, അഭിഭാഷകനെക്കൊണ്ട് മറ്റാരോ ആണ് ഇങ്ങനെ പറയിപ്പിച്ചതാണെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

വിചിത്രമായ ആരോപണമാണ് തനിക്കെതിരെ ഉയർത്തുന്നത്. ആരോപണത്തിന് പിന്നിൽ ചില ഗൂഢലക്ഷ്യങ്ങളുണ്ടെന്നും, നിയമപരമായി നേരിടുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനുപിന്നാലെയാണ് ആരോപണങ്ങൾ ആവർത്തിച്ചുകൊണ്ട് ഹരീന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്.