മിനി ഗോപിനാഥ്

ഇവൾ അഹല്യ.....
യുഗങ്ങൾ താണ്ടി
കലിയുഗത്തിൽ
കാലത്തിനു വെളിച്ചമാകുന്നവൾ.
സ്ത്രീസ്പർശമേൽക്കാതെ
ബ്രഹ്മാവിനുണ്ടായ
ആദ്യപെൺകുഞ്ഞാണവൾ!
ഗർഭപാത്രത്തിലുറങ്ങാതെ
മാതൃവാൽസല്യം നുകരാതെ
വളർന്നവൾ.
പെണ്ണിന്റെ പൂർണ്ണതയറിയാൻ
കൊതിച്ചവൾ...!
അവളെ ശപിക്കാൻ
മേനിയിലിഴയുന്ന
നിഴലുകൾക്കാവില്ല...
ആദിയിൽ
അവൾക്കു വരനായതു
മുനി ഗൗതമനല്ല;
മനഃസാക്ഷി മാത്രം.
മൃതം അമൃതമായ്
മാറ്റുന്ന ദേവനെ
സ്വയമറിഞ്ഞവൾ!
പക്ഷേ......
പുരുഷാധിപത്യത്തിൽ
നിന്ദിതയായവൾ,
ശപിക്കപ്പെട്ടവൾ,
ശിലപോലുറഞ്ഞു പോയവൾ!
ഇന്ന്...
അഹല്യയ്ക്ക്
ശിലയാകാനാവില്ല,
അതിനുഴറുന്നവർ
മനഃപൂർവ്വം
അപരാധമേറ്റുവാങ്ങുന്നവർ.
വ്രണിതയായിട്ടും
അവളുടെ
മാറിടം തുടിക്കുന്നതും,
ചുട്ടുപൊള്ളിയിട്ടും
ഹൃദയം മിടിക്കുന്നതും,
അവൾ
ശിലയല്ലാത്തതുകൊണ്ടുമാത്രം!
ഓർക്കുക...
അവൾ വന്ധ്യയല്ല!
പുനർജ്ജനിക്കു ദാഹിക്കുന്നവൾ.
ഹല്യയായ്
ലിംഗത്തെ സഹസ്രമാക്കി
പുരുഷന്റെ കണ്ണുതുറപ്പിച്ചവൾ!
പിന്നെ...
അവൾ കന്യകയെന്നു
വാഴപ്പെട്ടവൾ.
അഗ്നിയിലുരുകിയ
സീതയും കന്യകയാണല്ലോ!
വന്ദ്യയാക്കപ്പെടുന്നവർ
എന്നും ശപിക്കപ്പെട്ട കന്യകമാർ.
അരുത്,
നിശ്ചലയാവരുത്
ഗൗതമൻ ഉണരട്ടെ....!