biriyani

ന്യൂഡൽഹി: ഓൺലൈൻ ഭക്ഷണ ആപ്പുകളിലൂടെ ഇന്ത്യക്കാർ കൂടുതൽ ഓർഡർ ചെയ്യുന്നത് ബിരിയാണി. ഭക്ഷണ വിതരണ ആപ്പുകളായ ഡൺസോയ്‌ക്കും സ്വിഗ്ഗിക്കും പിന്നാലെ സൊമാറ്റോ പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഉപഭോക്താക്കളുടെ ബിരിയാണി പ്രിയത്തെക്കുറിച്ച് പറയുന്നത്. ഒരു മിനിറ്റിൽ 186 ബിരിയാണിയാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. പിസയാണ് രണ്ടാമത്. ഒരു മിനിറ്റിൽ 139 പിസയാണ് വിതരണം ചെയ്യുന്നത്.

ഡൽഹി സ്വദേശി അങ്കുറാണ് ഈ വർഷം കൂടുതൽ ഓർഡർ നൽകിയത്, 3,330. ദിവസവും ശരാശരി ഒമ്പത് ഓർഡറുകളാണ് അങ്കുർ നൽകുന്നത്. 2022ലെ ആകെ ഓർഡറുകളിലൂടെ മുംബയ് സ്വദേശി 2,43,490 രൂപ ലാഭിച്ചെന്നും റിപ്പോർട്ട് പറയുന്നു. പശ്ചിമ ബംഗാളിലെ റായ്ഗഞ്ചിലുള്ളവരാണ് ഡിസ്‌കൗണ്ടുകൾ കൂടുതൽ ഇഷ്ടപ്പെടുന്നത്. ഇവിടെയുള്ള 99.7 ശതമാനം പേരും ആപ്പിൽ പ്രൊമോ കോഡുകൾ തിരഞ്ഞെടുക്കുന്നുണ്ട്.

ഓറിയോ പക്കോഡയ്ക്കായി 4, 988 തെരച്ചിലുകളാണ് ആപ്പിലെത്തിയത്. കൂടാതെ ട്വിറ്റർ സി.ഇ.ഒ എലോൺ മസ്ക് എന്താണ് കഴിക്കുന്നത് എന്ന് സംബന്ധിച്ച് 724 തെരച്ചിലുകളുമെത്തി. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഭക്ഷണത്തെക്കുറിച്ചുള്ള തെരച്ചിലുകളുമുണ്ടായിരുന്നു.

മിനിറ്റിൽ 186 ബിരിയാണി

 ഒരു മിനിറ്റിൽ വിതരണം ചെയ്യുന്ന ബിരിയാണി - 186

 ഒരു മിനിറ്റിൽ വിതരണം ചെയ്യുന്ന പിസ - 139

 ഡൽഹി സ്വദേശി അങ്കുറിന്റെ ഒരു വർഷത്തെ ഓർഡർ - 3,330

 ശരാശരി ഒരു ദിവസം നൽകിയ ഓർഡർ - 9

 ആപ്പിൽ പ്രൊമോ കോഡുകൾ തിരഞ്ഞെടുക്കുന്നവർ - 99.7%