case-diary-

ജയ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡി്പ്പിച്ച കേസിൽ മഠാധിപതിയെ പൊലീസ് അറസ്റ്റു ചെയ്തു. നാലു സംസ്ഥാനങ്ങളിലായി അഞ്ച് ആശ്രമങ്ങളുള്ള സർജുദാസിനെയാണ് രാജസ്ഥാനിലെ ശിൽവാരയിലെ ആശ്രമത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. 17 വയസുള്ള പെൺകുട്ടിയെ ഒന്നരവർഷമായി സർജുദാസ് പീഡനത്തിനിരയാക്കിയെന്നാണ് പരാതി.

പെൺകുട്ടിയുടെ അമ്മയ്ക്ക് നേരെ മുൻപ് ആസിഡ് ആക്രമണം നടന്നിരുന്നു. ഇതിന് ശേഷമാണ് ആശ്രമത്തിലെത്തിയിരുന്ന പെൺകുട്ടിയെ സർജുദാസ് പീഡനത്തിനിരയാക്കിയിരുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് സുഹൃത്തിനോടാണ് പെൺകുട്ടി പീഡനവിവരം ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ അമ്മയോടും വിവരം പറഞ്ഞു. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പോക്സോ കേസ് ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ആത്മീയ നേതാവായ സർജുദാസിന് ഉത്തർപ്രദേശിലെ അയോദ്ധ്യ,​ ഉത്തരാഖണ്ഡിലെ ബദ്രിനാഥ്,​ മഹാരാഷ്ട്ര,​ രാജസ്ഥാനിലെ ഭിൽവാര എന്നിവിടങ്ങളിലാണ് ആശ്രമങ്ങളുള്ളത്. ബുധനാഴ്ച അറസ്റ്റിന് പിന്നാലെ സർജുദാസ് വിഷവസ്തു കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അതേസമയം പെൺകുട്ടിയുടെ അമ്മയ്ക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തിന് പിന്നിലും സർജുദാസ് ആണെന്ന് ബന്ധുക്കൾ ആരോപിച്ചു.