ഹൗറ: ജാർഖണ്ഡ് നടി റിയ കുമാരി വെടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവും സിനിമ നിർമ്മാതാവുമായ പ്രകാശ് കുമാർ അറസ്റ്റിൽ. ഇയാളുടെ മൊഴികളിലെ വൈരുദ്ധ്യവും റിയയുടെ കുടുംബം നൽകിയ പരാതിയിലും പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിൽ വഴിത്തിരിവുണ്ടായത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. റിയയുടെ വലതു ചെവിയോട് ചേർന്നേറ്റവെടിയാണ് മരണ കാരണമെന്നാണ് പോസ്റ്ര്‌മോർട്ടം റിപ്പോർട്ടിലുള്ളത്.

പ്രാഥമികാവശ്യത്തിനായി ദേശീയപാതയ്ക്കരികിൽ കാർ നിറുത്തിയതെന്നാണ് പ്രകാശ് പൊലീസിനോട് പറഞ്ഞത്. എന്നാൽ പശ്ചിമ ബംഗാളിലെ ഹൗറയിലുള്ള ഇവിടം അതിന് അനുയോജ്യമല്ലെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായി. കൂടാതെ മൂന്നംഗ കവർച്ചാസംഘം കാർ നിറുത്തിയസ്ഥലത്ത് കാത്തുനിന്നതും ദുരൂഹത വർദ്ധിപ്പിച്ചു. സംഭവം നടന്നത് രാവിലെ ആറ് മണിക്കായിരുന്നു. എന്നിട്ടും അസ്വഭാവികമായി ഒന്നും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ലെന്നതും സംശയത്തിന് ഇടയാക്കി. ആരും പിന്തുടർന്നിട്ടില്ലെന്നും തങ്ങളുടെ കൈവശം പണമോ വില പിടിപ്പുള്ള വസ്തുക്കളോ ഉണ്ടായിരുന്നില്ലെന്നുമാണ് പ്രകാശ് പൊലീസിനോട് പറഞ്ഞത്. ഇതേത്തുടർന്ന് ഇയാളെ മണിക്കൂറുകൾ പൊലീസ് ചോദ്യം ചെയ്തു.

എന്നാൽ ഇയാളും അക്രമികളുമായുള്ള ബന്ധം സംബന്ധിച്ച വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. റിയയും പ്രകാശ് കുമാറും മകളും കഴിഞ്ഞദിവസം കൊൽക്കത്തയിലേക്ക് പോകുമ്പോഴാണ് സംഭവമുണ്ടായത്. സി സി ടിവി ദൃശ്യങ്ങളുടെ പരിശോധനയിലൂടെ സംഭവത്തിൽ കൂടുതൽ വ്യക്തതവരുമെന്ന് പൊലീസ് അറിയിച്ചു.

 റിയയെ പ്രകാശ് ഉപദ്രവിച്ചെന്ന് കുടുംബം

പ്രകാശിന്റെ രണ്ടാം ഭാര്യയാണ് റിയയെന്നും യൂട്യൂബ് വ്ലോഗർ കൂടിയായ റിയയുടെ വരുമാനം ഇയാളെ അലോസരപ്പെടുത്തിയിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു. ഇതുകാരണം പതിവായി റിയയെ പ്രകാശ് ഉപദ്രവിച്ചിരുന്നു. ഇത് സംബന്ധിച്ച് റിയയുടെ കുടുംബം നൽകിയ പരാതിയിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ അക്രമികളിൽ നിന്ന് തന്നെ രക്ഷിക്കുന്നതിനിടെയാണ് റിയയ്ക്ക് വെടിയേറ്റതെന്നാണ് പ്രകാശ് പൊലീസിനോട് അദ്യം പറഞ്ഞിരുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി ഫിർഹാദ് ഹക്കിം പറഞ്ഞു.