
കൊല്ലം: ശാസ്താംകോട്ട ടൗണിൽ പെൺകുട്ടികൾക്ക് ആൽത്തറയിൽ ഇരിക്കാൻ വിലക്കേർപ്പെടുത്തി ബോർഡ് സ്ഥാപിച്ചു. ദിവസങ്ങൾക്ക് മുൻപ് പ്രത്യക്ഷപ്പെട്ട ബോർഡ് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. വിവാദ ബോർഡ് സ്ഥാപിച്ച ആൽത്തറയിൽ പെൺകുട്ടികളോടൊപ്പം ഇരിക്കുന്നതിന്റെ ചിത്രങ്ങൾ ഡിവൈഎഫ്ഐ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ശാസ്താംകോട്ട കോളേജ് റോഡിന് സമീപമുള്ള ആൽത്തറയിലാണ് വിവാദ ബോർഡ് പ്രത്യക്ഷപ്പെട്ടത്. ഇവിടെ വിളക്ക് തെളിയിക്കുകയും ഉത്സവത്തിന് ഇറക്കി പൂജ നടത്തുന്ന പതിവുമുണ്ട്. ഇവിടെയുണ്ടായിരുന്ന ആൽ നശിച്ചതിന് പിന്നാലെ മുറിച്ച് മാറ്റിയിരുന്നു. മുറിച്ച് മാറ്റിയ സ്ഥലത്ത് ശിവലിംഗ രൂപത്തിലുള്ള കല്ല് കണ്ടെത്തിയതിന് പിന്നാലെ തർക്കം ഉടലെടുത്തിരുന്നു. സംഘർഷാവസ്ഥയെ തുടർന്ന് കല്ല് തഹസീൽദാർ ഏറ്റെടുത്ത് വില്ലേജ് ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതേ സ്ഥലത്താണ് പെൺകുട്ടികൾ ഇരിക്കുന്നതിൽ വിലക്കേർപ്പെടുത്തിയ ബോർഡ് പ്രത്യക്ഷപ്പെട്ടത്.
ബോർഡ് സ്ഥാപിച്ചതിൽ പ്രതിഷേധമറിയിക്കാനായി കുടുംബസമേതമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ആൽത്തറയ്ക്ക് മുന്നിലിരിക്കുന്ന ചിത്രം സാമൂഹ്യ മാദ്ധ്യമത്തിൽ പങ്കുവെയ്ക്കുകയായിരുന്നു. അതോടൊപ്പം പെൺകുട്ടികളെ വിലക്കുന്ന ബോർഡ് കീറി എറിഞ്ഞതായും ‘എല്ലാവർക്കും ഇരിക്കാം’ എന്ന് പുതിയ ബോർഡ് തൂക്കിയെന്നും ഡിവൈഎഫ്‌ഐ പ്രവർത്തകർ പോസ്റ്റിൽ കുറിച്ചു.
അതേ സമയം തിരുവനന്തപുരം സിഇടി കോളേജിലെ വിദ്യാർത്ഥികൾ കാത്തിരിപ്പ് കേന്ദ്രത്തിൽ ഒന്നിച്ചിരിക്കുന്നത് തടയാൻ ബെഞ്ച് മാതൃകയിൽ ഉണ്ടായിരുന്ന ഇരിപ്പിടം മുറിച്ചുമാറ്റിയത് വിവാദമായിരുന്നു. കഴിഞ്ഞ ജൂലൈയിൽ സ്ഥലത്തെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ബെഞ്ച് മാതൃകയിലുള്ള ഇരിപ്പിടം മുറിച്ചുമാറ്റി ഒരാളിന് ഇരിക്കാവുന്ന ഒറ്റസീറ്റ് ഇരിപ്പിടം നിർമ്മിക്കുകയായിരുന്നു. സംഭവത്തിനെതിരെ വിദ്യാർത്ഥികൾ ഒന്നിച്ചിരുന്ന് പ്രതിഷേധിക്കുകയും സെൽഫിയെടുത്ത് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റിടുകയും ചെയ്തതോടെ വിദ്യാർത്ഥി സംഘടനകൾ പിന്തുണയുമായെത്തിയിരുന്നു.