
മെക്‌സിക്കോ സിറ്റി: വാഹന പരിശോധനയ്ക്കിടെ കാറിൽ നിന്നും കടുവക്കുട്ടിയെ കണ്ടെത്തിയതായി റിപ്പോർട്ട്. മെക്‌സിക്കോയിലെ ക്വെറെറ്റാരോ സംസ്ഥാനത്താണ് സംഭവം. അമിതവേഗത്തിൽ പോകുന്നത് കണ്ട് ട്രാഫിക്ക് പൊലീസ് കാറ് തടഞ്ഞ് പരിശോധന നടത്തിയപ്പോഴാണ് കടുവക്കുട്ടിയെ കണ്ടെത്തിയത്.
ഒരു യുവാവും യുവതിയുമായിരുന്നു കാറിലുണ്ടായിരുന്നത്. ഇവർ കാർ അമിതവേഗത്തിൽ ഓടിച്ചതിനെ തുടർന്ന് പൊലീസ് തടഞ്ഞ് നിർത്തുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോൾ കാറിനുള്ളിൽ ഇരുന്നവർ കുപിതരായി. സംശയം തോന്നിയ പൊലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചു. അതോടെ പൊലീസ് അവരുടെ കാറിനു മുന്നിൽ തങ്ങളുടെ വാഹനം കൊണ്ടിട്ട് ദമ്പതികളെ പിടികൂടി. ശേഷം കാർ പരിശോധിച്ചു. കാറിന്റെ പിൻഭാഗം തുറന്നപ്പോഴാണ് സ്യൂട്ട്‌കോസുകൾക്കും പൊട്ടികൾക്കുമിടയിൽ ഒരു കടുവക്കുട്ടിയെ കണ്ടത്. ഇത് കൂടാതെ കാറിൽ നിന്ന് നാല് തോക്കും നിരവധി വെടിയുണ്ടകളും പൊലീസ് കണ്ടെത്തി. നിയമവിരുദ്ധമായി കടുവക്കുട്ടിയെ സൂക്ഷിച്ചതിന് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
മെക്‌സിക്കോയിൽ വന്യമൃഗങ്ങളെ വളർത്തുന്നത് നിയമവിരുദ്ധമല്ല. നിയമപ്രകാരമുള്ള ഏജൻസികളിൽ നിന്നും രേഖകളുള്ള കാട്ടുമൃഗങ്ങളെ വാങ്ങുന്നതും വളർത്തുന്നതും ഇവിടെ നിയമവിധേയമാണ്. എന്നാൽ നിയമവിരുദ്ധമായി രേഖകളൊന്നുമില്ലാതെ വന്യമൃ ഗങ്ങളെ പിടിക്കുകയും വളർത്തുകയും ചെയ്യുന്നത് ശിക്ഷാർഹമാണ്.