covid

ന്യൂയോർക്ക്: കൊവിഡ് കുതിച്ചുയരുന്നതിനിടെ ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അമേരിക്ക നിർബന്ധമാക്കി. യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ജനുവരി 5 മുതൽ നിയമം പ്രാബല്യത്തിൽ വരും. പി.സി.ആറോ ടെലിഹെൽത്ത് സർവീസിന്റെ സഹായത്തോടെയുള്ള ആന്റിജൻ ടെസ്റ്റോ ആണ് വേണ്ടത്.

വിമാനത്തിൽ കയറുന്നതിന് മുമ്പ് നെഗറ്റീവ് ടെസ്റ്റിന്റെ രേഖ എയർലൈന് മുന്നിൽ ഹാജരാക്കണം. ഹോങ്കോംഗ്, മക്കാവു എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും ഇത് ബാധകമാണ്. സോൾ, ടൊറന്റോ, വാൻകൂവർ തുടങ്ങിയ നഗരങ്ങൾ വഴി യു.എസിലേക്ക് പ്രവേശിക്കുന്ന ചൈനക്കാർക്കും നിയമം ബാധകമാണ്. യാത്രയ്ക്ക് പത്ത് ദിവസം മുമ്പ് കൊവിഡ് സ്ഥിരീകരിച്ചവർ നെഗറ്റീവായെന്ന് തെളിയിക്കുന്ന രേഖകളും സമർപ്പിക്കണം.

നിലവിലെ കൊവിഡ് വ്യാപനം സംബന്ധിച്ച് ചൈനീസ് അധികൃതരിൽ നിന്ന് വ്യക്തമായ വിവരങ്ങൾ ലഭിക്കാത്ത പശ്ചാത്തലത്തിലാണ് യു.എസിന്റെ നീക്കം. പുതിയ വകഭേദങ്ങളെ തിരിച്ചറിയുന്നതിന്റെ ഭാഗമായി യാത്രക്കാരെ അടിസ്ഥാനമാക്കി യു.എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ നടത്തുന്ന ജീനോമിക് സർവൈലൻസ് പ്രോഗ്രാം ലോസ്ആഞ്ചലസ്, സിയാറ്റിൽ വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിച്ചു.

ഇതോടെ ഈ നിരീക്ഷണ പരിധിയിൽ വരുന്ന ആകെ വിമാനത്താവളങ്ങളുടെ എണ്ണം ഏഴായി. ഏകദേശം 30 ഓളം രാജ്യങ്ങളിൽ നിന്നായി 500 ഓളം വിമാനങ്ങൾ എല്ലാ ആഴ്ചയും ഇത്തരത്തിൽ നിരീക്ഷിക്കപ്പെടുന്നു. ഇതിൽ 290 എണ്ണം ചൈനയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമാണ്.

 നിയന്ത്രണവുമായി കൂടുതൽ രാജ്യങ്ങൾ

ഇന്ത്യ, ഇറ്റലി, ജപ്പാൻ, തായ്‌വാൻ എന്നീ രാജ്യങ്ങളും ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർദ്ദേശിച്ചു. എന്നാൽ ഓസ്ട്രേലിയയും യു.കെയും നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. ചൈനീസ് യാത്രികർക്കും വിമാനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തുന്നത് തീരുമാനിക്കാൻ യൂറോപ്യൻ കമ്മിഷൻ യോഗം ചേരും.

അതിനിടെ രാജ്യത്തെ കൊവിഡ് സാഹചര്യത്തെ പറ്റി പാശ്ചാത്യ മാദ്ധ്യമങ്ങൾ അമിത പ്രചാരണം നടത്തുകയാണെന്ന് ചൈന ആരോപിച്ചു.