cm-at-telangana

ഹൈദരാബാദ്: കോർപ്പറേറ്റുകൾക്കായാണ് കേന്ദ്രസർക്കാർ ഭരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകർക്ക് രാജ്യത്ത് ജീവിക്കാനാകാത്ത സാഹചര്യമാണുള്ളതെന്നും മോദി സർക്കാർ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകിയതായും ഇതിനായാണ് കാർഷിക നിയമങ്ങൾ മാറ്റിയെഴുതിയതെന്നും അദ്ദേഹം തെലങ്കാന കർഷക തൊഴിലാളി യൂണിയൻ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടയിൽ പറഞ്ഞു.

ഓരോ അര മണിക്കൂറിലും ഓരോ ക‌ർഷകർ വീതം ആത്മഹത്യ ചെയ്യുന്ന അവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളത്. രാജ്യത്തെ 82 ശതമാനം തൊഴിലാളികൾക്കും ഇന്ന് തൊഴിൽ സുരക്ഷയില്ല. സ്വാതന്ത്ര്യ സമരകാലയളവിൽ ബ്രിട്ടീഷുകാരോട് പോരാടി ആരോഗ്യം കളയേണ്ട എന്ന് കരുതിയവരാണ് ആർഎസ്എസുകാർ. ഇന്ന് രാജ്യത്തെ ഭിന്നിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിലെ ഗവർണർ-സർക്കാർ തർക്കത്തിലും അദ്ദേഹം വിമർശനമുന്നയിച്ചു. ഗവർണർ സംസ്ഥാന ഭരണത്തിൽ കടന്നുകയറുന്നത് ബിജെപി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്താനാണ് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്തവാന.

അതേ സമയം റിസോർട്ട് വിവാദത്തിന് പിരിമുറുകുന്നതിനിടയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നാളെ തലസ്ഥാനത്ത് നടക്കും. എൽ.ഡി.എഫ് കൺവീനറും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി. ജയരാജനെതിരെ ഉയർന്ന റിസോർട്ട് വിവാദത്തിൽ തീരുമാനം സംസ്ഥാന ഘടകത്തിന് പാർട്ടി കേന്ദ്ര നേതൃത്വം വിട്ടതിന് പിന്നാലെയാണ് യോഗം ചേരുന്നത്. സെക്രട്ടറിയേറ്റ് യോഗത്തിൽ ആരോപണ വിധേയനായ സിപിഎം നേതാവ് നൽകുന്ന വിശദീകരണത്തിലും അതിന്മേൽ നടക്കുന്ന ചർച്ചയിലുമായിരിക്കും പാർട്ടി അന്വേഷണം അടക്കമുള്ള നടപടികളിൽ തീരുമാനമുണ്ടാവുക.