kk

വായനക്കാരനെ പിടിച്ചിരുത്താൻ കഴിയുന്ന നിരവധി ത്രില്ലർ നോവലുകൾ മലയാളത്തിലുണ്ട്. അമിത് കുമാർ രചിച്ച ഏ.കെയും ആ ഗണത്തിൽ ഉൾപ്പെടുത്താം. ഉദ്വേഗത നിലനിർത്തുന്ന കഥാസന്ദർഭം സൃഷ്ടിക്കുക എന്ന, ത്രില്ലർ നോവലുകൾ നേരിടുന്ന വെല്ലുവിളികളെ സമർഥമായി മറികടക്കുന്നുണ്ട് ഏ. കെ.

ബാങ്കിംഗ് രംഗത്തു സംഭവിക്കാവുന്ന ഒരു തിരിമറിയും തുടർന്നുള്ള അന്വേഷണവും അനന്തരം വെളിവാകുന്ന ഒരു കൊലപാതകവും, ഒരു ത്രില്ലർ കഥാഗതിക്ക് വേണ്ട ചേരുവകളെല്ലാം സമം ചേർത്ത് മികച്ചൊരു വായനാനുഭവമാണ് ഏകെ എന്ന നോവൽ പ്രേക്ഷകർക്ക് നൽകുന്നത്. കഥാന്ത്യംവരെ ഉദ്വേഗത നിലനിർത്തുക എന്ന വെല്ലുവിളി സമർത്ഥമായി കൈകാര്യം ചെയ്യുന്നുണ്ട് ഏകെ. കഥാപാത്രങ്ങളെ വ്യക്തമായി അടയാളപ്പെടുത്തി പരിചിതമായ കഥാപശ്ചാത്തലമൊരുക്കി നോവലിനെ രൂപപ്പെടുത്തുന്നതിൽ അമിത് കുമാർ വിജയിച്ചിരിക്കുന്നു. കുറ്റം ചെയ്യാനും അത് മറച്ചുവെക്കാനുമുള്ള മനുഷ്യന്റെ സഹജമായ വാസനയെയാണ് ഏ. കെയിൽ അടയാളപ്പെടുത്തിയിട്ടുള്ളത്.

പത്തനംതിട്ടയിലെ പ്രസിദ്ധമായ ബാങ്കിൽ നടക്കുന്ന ഗോൾഡ് ലോൺ തിരിമറിയെക്കുറിച്ച് അന്വേഷിക്കാൻ വരുന്ന ഏകെ എന്ന ഉദ്യോഗസ്ഥനിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്. ഏറ്റെടുത്ത കേസുകളെല്ലാം മികച്ച രീതിയിൽ പൂർത്തീകരിച്ച ഏകെയ്ക്ക് പക്ഷെ ഈയൊരു കേസ് വെല്ലുവിളിയാകുന്നു. കേസിന്റെ സങ്കീർണതയിൽ, എന്ത് ചെയ്യണമെന്നറിയാതെ ആകുന്ന സന്ദർഭത്തിൽ ഏകെയ്ക്കും അദ്ദേഹത്തെ സഹായിക്കുന്ന ഹരിമാധവ് എന്ന ഉദ്യോഗസ്ഥനും മുന്നിലേക്ക് ഒരു കൊലപാതക കേസുകൂടി അനാവരണം ചെയ്യുന്നതോടെ നോവൽ മറ്റൊരു തലത്തിലേക്ക് പ്രവേശിക്കുന്നു. കഥാന്ത്യം, വായനക്കാരിൽ ഞെട്ടലുളവാക്കി, തീർത്തും അപ്രതീക്ഷിതമായ ഘട്ടത്തിൽ കേസുകൾ തെളിയുന്നു.

യുക്തിഭദ്രതയും ഭാവനാത്മകതയും ഒരേ സമയം സന്നിവേശിപ്പിച്ച ഈ നോവൽ പദബാഹുല്യം കൊണ്ടോ അർത്ഥതലങ്ങൾ കൊണ്ടോ വായനക്കാരനെ തൃപ്തിപ്പെടുത്തണമെന്നില്ല. എന്നാൽ, തന്റെ മനോവിചാരങ്ങളെ ഒരു ത്രില്ലറായി പരുവപ്പെടുത്തിയതിൽ അമിത് കുമാർ വിജയിച്ചെന്നു നിസ്സംശയം പറയാം.