chinese-spy

പാട്ന: ചൈനീസ് ചാരയെന്ന് സംശയിക്കുന്ന വനിത ബീഹാറിൽ പിടിയിൽ. ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമയെ നിരീക്ഷിക്കാനെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദലൈലാമ പങ്കെടുക്കുന്ന ചടങ്ങ് ബീഹാറിലെ ഗയയിൽ നടക്കാനിരിക്കെ സംശയാസ്പദമായ സാഹചര്യത്തിലാണ് വനിതയെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇവരെ നാടുകടത്തിയേക്കുമെന്നാണ് സൂചന. നിലവിൽ ബീഹാർ പൊലീസും കേന്ദ്ര ഏജൻസികളും സംയുക്തമായി ചോദ്യം ചെയ്തുവരികയാണ്.

ചാരവൃത്തിയ്ക്ക് എത്തിയത് എന്ന് സംശയിക്കുന്ന യുവതിയുടെ രേഖാചിത്രം പൊലീസ് അടുത്തിടെ പുറത്തുവിട്ടിരുന്നു. .ബീഹാറിലെ ബുദ്ധിസ്റ്റ് ക്ഷേത്രത്തിൽ ഒരു മാസത്തെ സന്ദർശത്തിനായാണ് ദലൈലാമസംസ്ഥാനത്തെത്തിയത്. അതേ സമയം ചാരവൃത്തി ആരോപിച്ച് മറ്റൊരു ചൈനീസ് യുവതിയെ ‌ഡൽഹി പൊലീസ് കഴിഞ്ഞ ഒക്ടോബറിൽ അറസ്റ്റ് ചെയ്തിരുന്നു.

അനധികൃതമായി ഇന്ത്യയിൽ താമസിച്ചതിനും ചാരവൃത്തി നടത്തിയതിനുമാണ് 'കായ് റുവോ' എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ബുദ്ധ അഭയാർത്ഥികൾ കൂട്ടമായി താമസിക്കുന്ന 'മജ്നു കാ തില' പ്രദേശത്ത് നിന്നുമാണ് ചൈനീസ് യുവതി പിടിയിലായത്. ഇവർ മൂന്ന് വർഷമായി ബുദ്ധ സന്യാസിയുടെ വേഷത്തിൽ ഇവിടെ താമസിച്ച് വരികയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ഇവർ നേപ്പാൾ വഴിയാണ് ഇന്ത്യയിലേയ്ക്ക് കടന്നതെന്നാണ് വിവരം.