kk

ലോകത്തിലെ ഏറ്റവും വിലയേറിയ സ്വകാര്യ വസതിയാണ് ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മുംബയിലെ വീടായ ആന്റിലിയ. ഇപ്പോഴിതാ പുതുവത്സരാഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങുകയാണ് ആന്റിലിയ. ബുധനാഴ്ച ധീരുഭായി അംബാനിയുടെ ജന്മവാർഷികം അംബാനി കുടുംബം ആഘോഷിച്ചിരുന്നു. ഈ ആഘോഷങ്ങൾക്കും പുതുവത്സരത്തെ വരവേൽക്കുന്നതിനുമായി ആന്റിലിയ വർണാഭമായ ലൈറ്റുകളാൽ അലങ്കരിച്ചിരിക്കുകയാണ്.

പുതുവർഷാഘോഷങ്ങൾക്ക് മുന്നോടിയായി ആന്റിലിയ എല്ലാ വർഷവും ഇത്തരത്തിൽ അലങ്കരിക്കാറുണ്ട്. ആന്റിലിയയുടെ നിരവധി ചിത്രങ്ങൾ അംബാനി കുടുംബം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു രാത്രിയിൽ കെട്ടിടം പൂർണമായും ഡിസ്കോ ലൈറ്റുകളാലും പലതരം ലൈറ്റ് വർക്കുകളാലും അലങ്കരിച്ചിരിക്കുന്നു. അതിനാൽ രാത്രിയിൽ പൂർണമായും പ്രകാശത്തിൽ കുളിച്ചിനിൽക്കുകയാണ് ആന്റിലിയ.

View this post on Instagram

A post shared by @varindertchawla

മുംബയ് നഗരത്തിൽ കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന വീടിന്റെ മൂല്യം ഏകദേശം 7445 കോടിരൂപയാണ്. 400,​ 000 ചതുരശ്രയടി വിസ്തീർണത്തിൽ 27 നിലകളിലായാണ് ആന്റിലിയ നിർമ്മിച്ചിരിക്കുന്നത്. മൂന്ന് ഹെലിപ്പാഡുകൾ,​ 50 സീറ്റുകളുള്ള തിയേറ്റർ,​ ആറ് നില പാർക്കിംഗ് ഏരിയ,​ ക്ഷേത്രം,​ ഗസ്റ്റ് സ്യൂട്ട് റൂമുകൾ,​ സലൂൺ,​ ജിം,​ ഐസ്ക്രീം പാർലർ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്. ഓസ്ട്രേലിയൻ കൺസ്ട്രക്ഷൻ കമ്പനിയായ ലെയ്ടൺ ഹോൾഡിംഗ്സും ചിക്കാഗോ ആസ്ഥാനമായുള്ള ആർക്കിടെക്ടുകളായ പെർകിൻസും വിൽസും ചേർന്നാണ് ആന്റിലിയ ഒരുക്കിയിരിക്കുന്നത്.

അതേസമയം മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകൻ ആനന്ദ് അംബാനിയുടെ വിവാഹ നിശ്ചയം രാജസ്ഥാനിൽ വച്ച് നടന്നിരുന്നു. എൻകോർ ഹെൽത്ത് കെയർ ബിസിനസ് ഗ്രൂപ്പ് ഉടമ വീരൻ മർച്ചന്റിന്റെ മകൾ രാധിക മർച്ചന്റാണ് വധു. രാജസ്ഥാനിലെ നാഥ്ദ്വാരയിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഭർത്താവിനും ഇരട്ടക്കുട്ടികൾക്കുമൊപ്പം ആനന്ദിന്റെ സഹോദരി ഇഷ അംബാനി കഴിഞ്ഞ ദിവസം മുംബയിലെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ആനന്ദിന്റെ വിവാഹ നിശ്ചയ വാർത്ത പുറത്തുവരുന്നത്.