
കോട്ടയം: കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം കേരളാ കോൺഗ്രസ് എം രാജി വെയ്ക്കും. ഇടതു മുന്നണി പ്രവേശത്തിന് ശേഷം സിപിഎമ്മുമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതോട് കൂടി കേരള കോൺഗ്രസ് മാണി ഘടകം പ്രതിനിധി നിർമല ജിമ്മി സ്ഥാനമൊഴിയാനായി അടുത്ത ദിവസം രാജി സമർപ്പിക്കും.
ഇടതുമുന്നണിയുമായി കോൺഗ്രസ് എം ഉണ്ടാക്കിയ ധാരണ പ്രകാരം അടുത്ത രണ്ട് വർഷം സിപിഎമ്മിനാണ് ജില്ലാ പഞ്ചായത്ത് ഭരണം. ഇതേ സ്ഥാനം രാജി വെയ്ക്കുന്നത് സംബന്ധിച്ച തർക്കത്തിന് പരിഹാരം കാണാനാകാതെ വന്നതോടെയാണ് കേരള കോൺഗ്രസ് എം വിഭാഗം യുഡിഎഫ് വിട്ട് എൽഡിഎഫിലേയ്ക്ക് ചേക്കേറിയത്.
അതേ സമയം റബർ വിലസ്ഥിരതാ പദ്ധതിയുടെ തുക വർദ്ധനവ് ഉടൻ നടപ്പാക്കണമെന്ന ആവശ്യവുമായി കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി രംഗത്തെത്തിയിരുന്നു. റബർ വിലസ്ഥിരതാ പദ്ധതിക്ക് തുടക്കം കുറിച്ച കേരളാ കോൺഗ്രസ് (എം) പ്രതിസന്ധി ഘട്ടത്തിൽ കർഷകർക്കൊപ്പം നിൽക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഈ മാസം നടന്ന കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റുമാരുടേയും നിയോജകമണ്ഡലം പ്രസിഡന്റുമാരുടേയും സംയുക്തയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്