republic-day

ന്യൂഡൽഹി: റിപ്പബ്ളിക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ളോട്ടും ഉൾപ്പെടുത്തി. കഴിഞ്ഞ ഒരു മാസമായി നടന്നു വരുന്ന ആറ് റൗണ്ട് സ്ക്രീനിംഗുകൾക്ക് ശേഷമാണ് ഇത്തവണത്തെ ഫ്ളോട്ട് അവതരണത്തിന് അനുമതി ലഭിച്ച സംസ്ഥാനങ്ങളുടെ ലിസ്റ്റിൽ കേരളത്തെയും ഉൾപ്പെടുത്തിയത്.

സ്ത്രീ ശാക്തീകരണം വിഷയമാക്കിയുള്ല ഫ്ളോട്ടാണ് കേരളം അവതരിപ്പിച്ചത്. . കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, അസാം, ഗുജറാത്ത്, ഹരിയാന, ഝാർഖണ്ഡ്, മഹാരാഷ്ട്ര, തമിഴ് നാട്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളും ദാദാ നഗർ ഹാവേലി- ദാമൻ& ഡ്യൂ, ജമ്മു& കാശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളും തെരഞ്ഞെടുക്കപ്പെട്ട വകുപ്പുകളും ഫ്ലോട്ടുകൾ അവതരിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം റിപ്പബ്ളിക്ക് ദിനത്തിൽ സംസ്ഥാനത്ത് നിന്നുള്ള ടാബ്ളോകൾ പങ്കെടുക്കുന്നതിന് അധികൃതർ അനുമതി നിഷേധിച്ചിരുന്നു. പ്രമേയത്തിലെ വ്യക്തതക്കുറവും രൂപകല്പനയിലെ പിഴവും മൂലമാണ് റി​പ്പബ്ളി​ക് ദി​ന പരേഡി​നായി​ കേരളം സമർപ്പി​ച്ച ഫ്ലോട്ട് തള്ളാൻ കാരണമെന്നായിരുന്നു കേന്ദ്ര പ്രതി​രോധ മന്ത്രാലയത്തിന്റെ വിശദീകരണം. ടൂറി​സം @75 എന്ന പ്രമേയത്തെ ആസ്പദമാക്കി തയ്യാറാക്കിയ നിശ്ചലദൃശ്യത്തിന്റെ രൂപകല്പനയും ആശയവും കാണികളെ ബോദ്ധ്യപ്പെടുത്തുന്ന തരത്തിലായിരുന്നില്ല എന്ന് കേരളത്തിലെ ഫ്ളോട്ടിന് അനുമതി നിഷേധിച്ചതിന് പിന്നിൽ രാഷ്ട്രീയ മാനമുണ്ടെന്ന ആരോപണത്തിന് പിന്നാലെ അധികൃതർ വ്യക്തമാക്കിയിരുന്നു.

കേരളത്തെ കൂടാതെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ബംഗാൾ മുഖ്യമന്ത്രി മമതാ ബാന‌ർജിയും തങ്ങളുടെ സംസ്ഥാനങ്ങളുടെ ഫ്ളോട്ടുകൾ റിപ്പബ്ളിക്ക് ദിന പരേഡിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെതിരെ കേന്ദ്രസ‌ർക്കാരിന് കത്തെഴുതിയിരുന്നു. സമാനമായി 2018- ൽ നവോത്ഥാനം അടിസ്ഥാനമാക്കിയുള്ള കേരളത്തിന്റെ ടാബ്ളോയ്ക്കും കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.