
പത്തനംതിട്ട: സംസ്ഥാന വ്യാപകമായി നടത്തിയ മോക്ക് ഡ്രല്ലിനിടെ പത്തനംതിട്ട മല്ലപ്പള്ളിയിൽ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. കല്ലൂപ്പാറ സ്വദേശി ബിനു സോമൻ (34) ആണ് മരിച്ചത്. ഇന്റർനാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ അതോറിട്ടിയുടെ നേതൃത്വത്തിൽ നടന്ന മോക്ക് ഡ്രില്ലിനിടെ വെണ്ണിക്കുളം കോമളം പാലത്തിന് സമീപമായിരുന്നു അപകടം ഉണ്ടായത്.
സന്നദ്ധ പ്രവർത്തകനായ ബിനു വെള്ളത്തിൽ രക്ഷാപ്രവർത്തനം അനുകരിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും വെള്ളത്തിൽ മുങ്ങിപ്പോവുകയുമായിരുന്നു. ഉടൻതന്നെ ദേശീയ ദുരന്ത പ്രതികരണ സേനാംഗങ്ങൾ ഇദ്ദേഹത്തെ പുറത്തെടുത്തു. സ്ഥലത്തുണ്ടായിരുന്ന ഡോക്ടറുടെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേൽം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. ജില്ലയിലെ അഞ്ച് വ്യത്യസ്ത കേന്ദ്രങ്ങളിലാണ് ഇന്ന് ഒരേ സമയം മോക്ക്ഡ്രിൽ സംഘടിപ്പിച്ചിരുന്നത്.