
റാസൽഖൈമ: യുഎഇയിൽ മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് പതിമൂന്നുകാരനും പിതാവിനും ദാരുണാന്ത്യം. ബുധനാഴ്ച വൈകുന്നേരം റാസൽഖൈമയിലെ വാദി ശാഹിലുണ്ടായ അപകടത്തിലാണ് 39-കാരനായ പിതാവും മകനും മുങ്ങിമരിച്ചത്. മഴവെള്ളം നിറഞ്ഞ കുഴിയിൽ കുട്ടി ആദ്യം വീഴുകയായിരുന്നു എന്നാണ് വിവരം. കുട്ടിയെ രക്ഷിക്കാനായി പിതാവും കുഴിയിലിറങ്ങിയെങ്കിലും നിർഭാഗ്യവശാൽ രണ്ടുപേരും മരണപ്പെടുകയായിരുന്നു.
അപകടവിവരമറിഞ്ഞ് റാസൽഖൈമ പൊലീസിന്റെ മറൈൻ റെസ്ക്യൂ ഉദ്യോഗസ്ഥരെത്തിയാണ് രക്ഷാപ്രവർത്തനം സംഘടിപ്പിച്ചത്. സ്ഥലത്തെത്തിയ മറൈൻ റെസ്ക്യൂ ടീം അംഗങ്ങൾ റബ്ബർ ബോട്ടുകൾ അടക്കം എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ മോർച്ചറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.