pele

സാവോപോളോ: കാൽപ്പന്തുകളിയിലെ രാജാവ്,​ ബ്രസീലിയൻ ഫുട്ബാൾ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസായിരുന്നു.

ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 12.30 ഓടെ സാവോപോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

ആരോഗ്യനില മോശമായതിനെത്തുടർന്ന് ഒരുമാസത്തോളമായി അദ്ദേഹം ആശുപത്രിയിൽ ആയിരുന്നു.

കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാൽ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. പെലെയുടെ ഏജന്റ് ജോ ഫ്രാഗയാണ് മരണ വാ‌ർത്ത പുറത്തുവിട്ടത്.

1940 ഒക്ടോബർ 23ന് ബ്രസീലിലെ മിനാസ് ജെറൈസിലെ ട്രെസ കോറസ്യൂസിലാണ് ജനനം.

മുഴുവൻ പേര് എഡ്സൺ അരാഞ്ചസ്‌ ഡോ നാസിമെന്റോ. ഫുട്ബാൾ ചിരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ പ്രഥമഗണനീയനായാണ് പെലെ വാഴ്‌ത്തപ്പെടുന്നത്. ബ്രസീലിനെ മൂന്ന് തവണ ലോകചാമ്പ്യൻമാരാക്കുന്നതിൽ പങ്കുവഹിച്ചു (1958,​ 1962,​1970)​. നാല് ലോകകപ്പുകളിൽ കളിച്ചു (1966ഉൾപ്പെടെ)​ ഫിഫ നൂറ്റാണ്ടിന്റെ താരമെന്ന ബഹുമതി നൽകി ആദരിച്ചു.

15-ാം വയസിൽ ബ്രസീലിയൻ ക്ലബ് സാന്റോസിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ചു. 16-ാം വയസിൽ ബ്രസീൽ ദേശീയ ടീമിലെത്തി. ബ്രസീലിനായി 92 മത്സരങ്ങളിൽ നിന്ന് 77 ഗോളുകൾ (1957-1971)​. ആകെ കണക്കിൽ 1281 ഗോളുകൾ പെലെ നേടിയിട്ടുണ്ട്.