
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദി (100) അന്തരിച്ചു. അഹമ്മദാബാദിലെ യു എൻ മേത്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു.
നൂറ്റാണ്ട് തികഞ്ഞ ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് മോദി അനുസ്മരിച്ചു. അതേസമയം, പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ മാറ്റില്ലെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക പരിപാടികളിൽ മോദി വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കും.
शानदार शताब्दी का ईश्वर चरणों में विराम... मां में मैंने हमेशा उस त्रिमूर्ति की अनुभूति की है, जिसमें एक तपस्वी की यात्रा, निष्काम कर्मयोगी का प्रतीक और मूल्यों के प्रति प्रतिबद्ध जीवन समाहित रहा है। pic.twitter.com/yE5xwRogJi
— Narendra Modi (@narendramodi) December 30, 2022
വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് രണ്ട് ദിവസം മുമ്പാണ് ഹീരാബെൻ മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി ആശുപത്രിയിലെത്തി അമ്മയെ കണ്ടിരുന്നു. ഒന്നരമണിക്കൂറിലേറെ അമ്മയുടെ അടുത്തിരുന്നശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്.
ഇളയമകൻ പങ്കജ് മോദിയ്‌ക്കൊപ്പം ഗാന്ധിനഗറിന് സമീപമുള്ള റെയ്സാനിലായിരുന്നു ഹീരാബെൻ മോദി താമസിച്ചിരുന്നത്. തന്റെ ഗുജറാത്ത് സന്ദർശന വേളയിലെല്ലാം പ്രധാനമന്ത്രി അമ്മയെ സന്ദർശിക്കുകയും, അവർക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു.